ചങ്ങനാശ്ശേരി: മതുമൂല ഇരട്ടക്കൊല പാതകകേസിലെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഒരാഴ്ചയായി നടന്നുവന്ന തെരച്ചിലില്‍ മുട്ടം പാറമടയില്‍ നിന്നും തലയോട്ടി കണ്ടെത്തി. ചെറിയ തലയോട്ടിയായതിനാല് കാണാതാകുമ്പോള്‍ പതിമൂന്ന് വയസ്സുള്ള മഹാദേവന്റേതാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു. മഹാദേവനെ കൊലപ്പെടുത്താന്‍ സഹായിച്ച പ്രതി കോനാരി സലിയുടെ മൃതദേഹം തള്ളിയതും ഇവിടെയാണ്. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന തെരച്ചിലിന് അന്വേഷണ സംഘത്തെ നാട്ടുകാരും സഹായിക്കുന്നുണ്ട്.
പാറമടയിലെ വെള്ളം വറ്റിച്ച് ചെളിവാരി മാറ്റിയതോടെയാണ് തലയോട്ടി കണ്ടത്. എറണാകുളം, കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരും പതിനഞ്ചോളം നാട്ടുകാരുമാണ് തെരച്ചിലില്‍ പങ്കെടുത്തത്. 1995 സെപ്തംബര്‍ എട്ടിനാണ് മതുമൂല പുതുപ്പറമ്പില്‍ തുണ്ടിയില്‍ വിശ്വനാഥന് ആചാരിയുടെ മകന് മഹാദേവനെ കാണാതാകുന്നത്. തലയോട്ടി ഇന്നലെ തന്നെ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ക്രൈംബ്രാഞ്ച് എസ്പി കെ.ജി സൈമണ്‍, ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ. ശ്രീകുമാര്‍, ചങ്ങനാശ്ശേരി സി.ഐ വി.എ നിഷാദ്മോന് എന്നിവരുള്‍പ്പെടെ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വേദനയോടെയാണെങ്കിലം ഈ നിമിഷത്തിന് വേണ്ടി കാത്തിരുന്നത് 16 വര്‍ഷം മുമ്പ് കാണാതായ മഹാദേവന്റെ ബന്ധുക്കളാണ്. മഹാദേവനെ കൊലപ്പെടുത്തിയതാണെന്ന് അറിഞ്ഞതു മുതല്‍ തെളിവു കണ്ടെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് മഹാദേവന്റെ സഹോദരിമാര്‍ പറഞ്ഞു.
തങ്ങളുടെ കുഞ്ഞനുജനെ അറുംകൊലചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന പ്രാര്‍ത്ഥനയോടെയുള്ള കാത്തിരുപ്പിലാണ് മഹാദേവന്റെ സഹോദരിമാരും ബന്ധുക്കളും. മഹാദേവന്റെ സഹോദരിമാരായ സ്വപ്നയുടെ ഭര്‍ത്താവായ കണ്ണനും, സ്മിതയുടെ ഭര്‍ത്താവായ ശെല്‍വനും സദാസമയവും തെളിവുകണ്ടെത്തുന്നതിനുള്ള പോലീസിന്റെ ശ്രമത്തിനൊപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: