തിരുവനന്തപുരം: പരീക്ഷണത്തില്‍ നടപ്പാക്കി പൊളിഞ്ഞ പദ്ധതിക്കായി കെഎസ്ആര്‍ടിസി വീണ്ടും കോടികള്‍ പൊടിക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ്മെഷീന് വാങ്ങുന്നതിനാണു കോടികള്‍ ധൂര്‍ത്തടിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് പെടാപാടുപെടുമ്പോഴാണിത്. ദീര്‍ഘദൂര സ്വകാര്യ സര്‍വീസുകളടക്കമുള്ള മിക്ക സ്വകാര്യ ബസുകളും ഇപ്പോള്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. 2500 മുതല്‍ 3000 രൂപവരെ ചെലവില്‍ സ്വകാര്യ ബസുകാര് വാങ്ങുന്ന മെഷീനുകളാണ് 10000 രൂപയ്ക്കു വാങ്ങാന്‍ കെഎസ്ആര്‍ടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ജിപിആര്‍എസ് സംവിധാനമുള്ള മെഷീനുകളാണ് വാങ്ങുന്നതെന്നാണു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്ന ന്യായം.
എന്നാല്‍ ജിപിആര്‍എസ് സംവിധാനത്തോടെയുള്ള മെഷീനുകള്‍ ഇതിന്റെ പകുതി വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ ഇരട്ടി വിലയ്ക്ക് 4000 മെഷീനുകളാണു കെഎസ്ആര്‍ടിസി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകള്‍ സപ്ലൈ ചെയ്യുന്നത്. അഞ്ചര കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഓഡര്‍ പ്രകാരം 1000 മെഷീനുകള്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തിക്കഴിഞ്ഞു. 3000 മെഷിനുകള്‍ കൂടി എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വിജയിക്കാത്ത പദ്ധതിക്കാണ് വീണ്ടും കോടികള്‍ മുടക്കുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിക്കുമ്പോഴാണ് ഈ ധൂര്‍ത്തെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തലസ്ഥാനത്ത് തമ്പാനൂര്‍ ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നത്. സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര സര്‍വ്വീസുകളിലാണ് ജിപിആര്‍എസ് സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ പുതിയതായി വാങ്ങിയ ടിക്കറ്റ് മെഷീനുകള്‍ തകരാറിലാകുന്നത് മൂലം സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. ടിക്കറ്റ് മെഷീനുകളില്‍ ചാര്‍ജ്ജ് നില്ക്കാഞ്ഞതാണ് ആദ്യം പ്രശ്നമായത്. ഇതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ജിപിആര്‍എസ് സംവിധാനത്തിന്റെ സെര്‍വ്വറില്‍ വന്ന തകരാറ് തിരിച്ചടിയായി. സെന്‍ട്രലൈസ്ഡ് സെര്‍വറില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തെ സെര്വ്വര് തകരാറ് കാര്യമായി ബാധിച്ചു. ഒരു മെഷീനിന്റ കാലാവധി മൂന്നരവര്ഷമെന്നാണ് വിതരണക്കാര്‍ പറയുന്നത്. നേരത്തെ കെഎസ്ആര്‍ടിസി വാങ്ങിയ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീനുകള്‍ ഭൂരിഭാഗവും രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇവയ്ക്കായി വാങ്ങിയ ലക്ഷങ്ങള്‍ വില വരുന്ന ബാറ്ററികള്‍ കൂട്ടിയിട്ടു നശിപ്പിച്ചിരുന്നു.
കെഎസ്ആര്‍ടിസി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ കോര്‍പറേഷനെ രക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്തയ്യാറാക്കുന്ന അധികൃതര്‍ പക്ഷെ ഇത്തരത്തിലുള്ള പാഴ്ചെലവുകളും ധൂര്‍ത്തുകളും കണ്ടില്ലെന്നു നടിക്കുകയാണ്.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: