തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം. രാഷ്ട്രീയമായ കാരണങ്ങളല്ല, ടിപിയുടെ വധത്തിനു പിന്നിലെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സിപിഎം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന് ടിപിയുമായി ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് സംഭവത്തിന് കാരണമെന്നും സിപിഎം പിബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്, എം.എ.ബേബി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വധത്തിന് പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ, ഏരിയ നേതൃത്വത്തിന്റെ പങ്കോ പിന്തുണയോ അറിവോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു. വധത്തിന് പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ-ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ല. ചന്ദ്രശേഖരന് സിപിഎമ്മില്‍ അച്ചടക്കനടപടിക്ക് വിധേയനായതിനെത്തുടര്‍ന്ന് പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും ആര്‍എംപിക്കാരും പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത വളര്‍ന്നുവന്നു. ഇതിനെത്തുടര്‍ന്ന് രാമചന്ദ്രന് ഒട്ടേറെ കേസില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. രാമചന്ദ്രന് ചെറിയ കരാര്‍ പണികള്‍ ഉപജീവനമാര്‍ഗത്തിനായി ഏറ്റെടുത്തുപോന്നത് ടി.പി.ചന്ദ്രശേഖരന് ഇടപെട്ട് മുടക്കുന്ന സാഹചര്യവും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ചന്ദ്രശേഖരനോട് അന്ന് ഉണ്ടായ വ്യക്തിവിരോധമാണ് വധത്തിന് കാരണമായതെന്നാണ് സിപിഎം കണ്ടെത്തല്‍.
പിബിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണ സംഘത്തില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നില്ല. കേസില്‍ പ്രതികളായ കുഞ്ഞനന്തനും ട്രൗസര്‍ മനോജിനുമുള്ള പങ്കാളിത്തം സിപിഎം തള്ളിക്കളയുകയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ ടിപി വധത്തില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കേസില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിക്കൂട്ടിലാണെന്നും ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സത്യം പറയാതിരിക്കുന്നതും ഉത്തരവാദികളായവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കുന്നതും തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നും വിഎസ് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: