തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലകളെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാനുദ്ദേശിക്കുന്ന കരട് വിജ്ഞാപനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുമാറ്റചട്ട ലംഘനമാകുമെന്ന് ബിജെപി. ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
കസ്തൂരിരംഗന്‍ കമ്മിറ്റി കണ്ടെത്തിയ പശ്ചിമഘട്ട പ്രദേശത്തെ പരിസ്ഥിതി ലോല മേഖലകളെ ഒഴിവാക്കി കരട് വിജ്ഞാപനം ഇറക്കുമെന്ന പത്രവാര്‍ത്തകള്‍ പുറത്തു വരുന്നു. കേരളത്തില്‍ ഈ വിഷയം വലിയ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണെന്ന് മുരളീധരന് തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ കത്തില്‍ പറയുന്നു. കൂടാതെ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയകക്ഷി ഇത് തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായുള്ള ഇത്തരം നീക്കങ്ങള്‍ പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ അത് തടയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: