തിരുവനന്തപുരം: മാധ്യമം വാരികക്ക് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പില്‍ നിന്നും രേഖകള്‍ ചോര്‍ത്തി നല്‍കിയതിന്റെ സസ്പെന്‍ഷനിലായിരുന്ന ഹൈടെക് സെല്ലിലെ എസ്.ഐ ബിജുവിന് പിരിച്ചുവിടല്‍ നോട്ടീസ്. പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു സലീമിന് നോട്ടീസ് നല്കി. ഡി ജി പിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. 2012 ജനുവരി 24 നാണ് എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. സംസ്ഥാന രഹസ്യാന്വേഷണ വകുപ്പില്‍ നിന്നും രേഖകള്‍ മാധ്യമം വാരികക്ക് ചോര്‍ത്തി കൊടുത്തു എന്നതാണ് കേസ്.
ഹൈടെക് സെല്ലില്‍ നിന്നും കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട 268 പൗരന്മാരുടെ ഇമെയില്‍ ഐ.ഡി ചോര്‍ത്തിയെന്ന് 2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേസില്‍ മാധ്യമം, ഇന്ത്യാവിഷന് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ പ്രതിപ്പട്ടികയിലുള്ളതായി സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എസ്.ഐ, അഭിഭാഷകന്, ഡോക്ടര്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെയും പ്രതിചേര്‍ത്തതായി സര്‍ക്കാര്‍ അറിയിച്ചത്.
മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്, ലേഖകന്‍ വിജു വി.നായര്‍, ഇന്ത്യാവിഷന് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീര്‍, ഇന്ത്യാവിഷന് കൊച്ചി ബ്യൂറോ ചീഫ് മനുഭരത് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: