കോട്ടയം: പത്തനംതിട്ടയ്ക്കു പുറമേ ഇടുക്കിയിലും സിപിഎം വലമുറുക്കി. കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര യോഗം ഇന്ന് ഉച്ചയ്ക്ക് കോട്ടയത്തു ചേരാനിരിക്കെ കേരളാകോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ലക്ഷ്യമിട്ടാണ് സിപിഎം കരുനീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
കസ്തൂരിരംഗന്‍, ഇടുക്കി സീറ്റ് വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനാണ് കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് കോട്ടയത്ത് ചേരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി തുറന്ന പോര് പ്രഖ്യാപിക്കുകയും മുന്നണി വിടണമെന്ന അഭിപ്രായം ശക്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉന്നതാധികാരസമിതി യോഗം വിളിച്ചിരിക്കുന്നത്. ഇന്നലെ ചേരുമെന്ന് പ്രഖ്യാപിച്ച യോഗമാണ് കെ.എം. മാണിയുടെ താല്പര്യപ്രകാരം ഇന്നത്തേക്കു മാറ്റിയത്.
ഇന്ന് പുറത്തുവരുന്ന കേന്ദ്രത്തിന്റെ കരട് വിജ്ഞാപനമായിരിക്കും കേരള കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണ്ണയിക്കുക. വിജ്ഞാപനത്തോട് കത്തോലിക്കാ സഭയും സമരരംഗത്തുള്ള പശ്ചിമഘട്ട സംരക്ഷണ സമിതി, ഹൈറേഞ്ച് സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുകളും കേരള കോണ്‍ഗ്രസിന്റെ യു ഡി എഫ് ബന്ധം നിലനിര്‍ത്തുന്നതിനെ സ്വാധീനിക്കുന്ന ഘടങ്ങളാണ്.
കേരളത്തിന്റെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫുമായി യോജിച്ച് പോകണമെന്ന നിലപാടിലാണ് കെ എം മാണി. എന്നാല്‍ ഇടുക്കി സീറ്റ് പ്രശ്നത്തില്‍ കോണ്‍ഗ്രസുമായി യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന വാശിയിലാണ് പി ജെ ജോസഫ് അനുകൂലികള്‍.
ഇതിനിടെ ഇടുക്കിയില്‍ സൗഹൃദ മത്സരം നടത്തണമെന്ന ആവശ്യവും ജോസഫ് വിഭാഗത്തില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഇടുക്കിയില്‍ സൗഹൃദമത്സരം നടത്തിയാല്‍ കോട്ടയത്ത് ജോസ് കെ മാണിയുടെ വിജയത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ ജോസഫ് വിഭാഗം പരസ്യനിലപാട് സ്വീകരിച്ചേക്കുമെന്ന സൂചനയുണ്ട്. എന്നാല്‍ ജോസഫ് വിഭാഗത്തോട് കടുത്ത എതിര്‍പ്പുള്ള പി സി ജോര്‍ജ് കെ.എം. മാണിയെ പിന്തുണയ്ക്കും.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: