കൊച്ചി: തല നിങ്ങളുടേതാകാം, പക്ഷേ റോഡുയാത്രക്കാരുടെ തല സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയവരുടെ തലയില്‍ മറ്റൊന്നാണ്. തലയ്ക്കുതന്നെയാണ് വിലയെന്നവര്ക്കറിയാം. സ്വന്തം തല സംരക്ഷിക്കുന്നതിന് എനിക്കില്ലാത്ത താല്പര്യം ഈ സര്‍ക്കാരിനെന്തിനാ ണെന്നൊന്നും ചോദിച്ചേക്കരുത്. തലയാണ് പ്രധാനം. അതുകൊണ്ടുതന്നെ തലയുടെ സംരക്ഷണത്തിന് ഇരു ചക്ര വാഹന യാത്രക്കാര്‍ എന്തെങ്കിലും തലയില്‍ വെച്ചാല്‍ പോരെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. അതിനാല്‍ വ്യാജ ഹെല്‍മറ്റ് ഉപയോഗത്തിനെതിരെയും നിര്‍മ്മാണത്തിനെതിരേയും മോട്ടോര്‍വാഹന വകുപ്പ് പിടിമുറുക്കുകയാണ്.
വഴി വക്കില്‍ നിന്നും വാങ്ങുന്ന വിലകുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഹെല്‍മറ്റ് ഉപയോഗിക്കുന്നതിനും, ഹെല്‍മറ്റിന്റെ സ്ട്രാപ് ഇടാതെ വാഹനം ഓടിക്കുന്നതിനും, ചട്ടിത്തൊപ്പി പോലുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിനും എതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് അംഗീകരിച്ച ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മറ്റാണ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതെന്ന വ്യവസ്ഥ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടക്കത്തില്‍ വന്‍ നഗരങ്ങളിലും വൈകാതെ സംസ്ഥാനത്തെമ്പാടും നിയമം കര്ക്കശമാക്കുകയെന്നതാണ് നയം. എന്നാല്‍ ഇതിന്റെ പേരില്‍ ‘ഹെല്‍മറ്റ് വേട്ടയും വിവാദങ്ങളും’ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവേണമെന്നും നിര്‍ദ്ദേശമുണ്ട്.
സാധാരണ നിലയില്‍ ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് 100 രൂപയാണ് പിഴ ഈടാക്കുന്നതെങ്കിലും മന:പൂര്‍വ്വമായ നിയമലംഘനത്തിന്റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്ത് പിഴ ഈടാക്കും. ഹെല്‍മെറ്റിന് ഇടയില്‍ മൊബെയില്‍ തിരുകി വെച്ച് സംസാരിക്കുന്നതും, ഹെഡ് സെറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നതും നിയമ വിരുദ്ധമാണ്. മൊബെയില്‍ ഉപയോഗിക്കുമ്പോള്‍ നാവും, കണ്ണും, കാതും ഒരുമിച്ച് പ്രവര്‍ത്തിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതാണ് അപകടകാരണമായി ചൂണ്ടികാണിക്കുന്നത്. അശ്രദ്ധാപരമായ അന്ധത (ഇന്‍അറ്റന്‍ഷന്‍ ബ്ലൈന്റ്നസ്) എന്നാണ് ഇതിനുപറയുന്ന പേര്. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ഫോണില്‍ പാട്ട് കേള്‍ക്കുന്നത് നിയമപരമായി തടയുന്നില്ല എന്നതാണ് വിരോധാഭാസം. സംശയം തോന്നി ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ ഫോണ്‍ പരിശോധിച്ച് കോള്‍ പോയിട്ടുണ്ട് എന്ന് ഉറപ്പ് വന്നാല്‍ മാത്രമെ പിഴ ഈടാക്കാന്‍ കഴിയൂ. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന കാര്യത്തില്‍ പുതിയ ആലോചനകള്‍ നടക്കുന്നുണ്ട്.
വ്യാജ ഹെല്‍മറ്റ് വില്‍ക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മറ്റൊരു നീക്കം. നൂറ് രൂപമുതല്‍ 300 രൂപവരെയാണ് ഇത്തരത്തില്‍ ലഭിക്കുന്ന ഹെല്‍മറ്റുകളുടെ വില എന്നതാണ് ജനങ്ങളെ വ്യാജ ഹെല്‍മറ്റ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ദീര്‍ഘ നാളുകളായി പ്രവര്‍ത്തിക്കുന്ന കടകളില്‍ നില്ക്കുന്ന സെയില്സ്മാന്മാര്ക്ക് ഹെല്‍മറ്റിന്റെ ക്വാളിറ്റിയെ കുറിച്ച് വ്യക്തതയില്ല എന്നതും പ്രശ്നം സൃഷ്ടിക്കുന്നു. എങ്ങനെയും വില്പന നടത്തുക എന്നതാണ് ഇവരുടെ രീതി. ആവശ്യക്കാര്‍ക്ക് മാത്രമെ ശരിയായ ക്വാളിറ്റിയുള്ള ഹെല്‍മറ്റ് ലഭിക്കുന്നുള്ളു. നല്ല ഹെല്‍മറ്റുകള്‍ സാധാരണ നിലയില്‍ അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാനാകും. ഉയര്‍ന്ന ക്വാളിറ്റിയുള്ള ഗ്ലാസ് ആയിരിക്കണം മുഖകവചത്തിനുള്ളത്. അല്ലെങ്കില്‍ അത് കാഴ്ചക്ക് തടസ്സമുണ്ടാക്കുകയും അപകടം ക്ഷണിച്ച് വരുത്തുകയും ചെയ്യും. നല്ല വായു സഞ്ചാരത്തിന് സഹായിക്കുന്ന തരത്തില്‍ ഹെല്‍മെറ്റിന്റെ പുറം ചട്ടയില്‍ സംവിധാനമൊരുക്കുന്ന നിര്‍മ്മാണ രീതിയും ഇപ്പോള്‍ കണ്ടുവരുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ ഇത്തരം നിയമങ്ങളുടെ കര്‍ക്കശമായ നടപ്പിലാക്കല്‍ വലിയ തടസങ്ങള്‍ നേരിടും. പൊതുജനാഭിപ്രായം സര്‍ക്കാരിനും ഭരണകക്ഷിക്കും എതിരാകുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ തന്നെ മോട്ടോര്‍വാഹന വകുപ്പിന്റെ പദ്ധതി അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുമെന്നാണ് ഭയപ്പെടുന്നത്. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചപ്പോള്‍ ബീഡിവലിക്കുന്നവരെ പോലീസ് പിടിക്കരുതെന്ന് അന്നത്തെ മുഖ്യമന്ത്രി നായനാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കേണ്ടിവന്ന കാര്യം പലരും ചൂണ്ടിക്കാണിക്കുന്നു.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: