ആലപ്പുഴ: റവന്യുമന്ത്രി റിസോര്‍ട്ടുകാര്‍ക്ക് പതിച്ചു നല്കാന് തീരുമാനിച്ച തീരദേശ ഭൂമികള്‍ വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്നത് ഇതേ റിസോര്ട്ടുകാര്.
ചേര്‍ത്തല അരൂക്കുറ്റി വില്ലേജില്‍ സര്‍വേ നമ്പര്‍ 98/1ല്‍പ്പെട്ട 62.34 ആര്‍സ് സ്ഥലം നിലവില്‍ കൈവശം വച്ചിരിക്കുന്നത് സ്ഥലം പതിച്ചു നല്കാന് അപേക്ഷിച്ച ഗ്രൈന് ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട് ഉടമ രവി ജേക്കബാണ്. കായലരികത്തായി മധ്യഭാഗം വെള്ളക്കെട്ടും ചിറയുമുള്ള ഭൂമിയിലെ തെങ്ങുകള്‍ രവി ജേക്കബിന് പാട്ടത്തിന് നല്‍കിയിരുന്നു. ഇതിന്റെ നടപ്പു വര്‍ഷത്തെ പാട്ടത്തുകയും സര്‍ക്കാര്‍ ഈടാക്കിക്കഴിഞ്ഞു.
ഈ ഭൂമിയിലേക്ക് കരമാര്‍ഗം പ്രവേശിക്കാന്‍ രവി ജേക്കബിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ കൂടി മാത്രമേ കഴിയുകയുള്ളൂ. വെള്ളക്കെട്ടായതിനാല്‍ ഉപയോഗശൂന്യമായ ഭൂമി റിസോര്‍ട്ടുകാര്‍ക്ക് നല്കുന്നതില് തെറ്റില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ ഭൂമി തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെട്ടതാണെന്നും കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനും എതിരാണ് കായല്‍ത്തീരം പതിച്ചു നല്‍കുന്നത്.
ഇന്‍ഫ്രാ ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോര്‍ജ്.ഇ.ജോര്‍ജിന് പതിച്ചു നല്കാന് തീരുമാനിച്ച ഭൂമിക്ക് കടല്‍ഭിത്തിയില്‍ നിന്ന് 116 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. അമ്പലപ്പുഴ താലൂക്കില്‍ കലവൂര്‍ വില്ലേജില്‍പ്പെട്ട 33.38 ആര്‍സ് ഭൂമിയാണ് പതിച്ചു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
തീരനിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് 1996ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രകാരം കടല്‍, കായല്‍, പുഴത്തീരങ്ങള്‍ പതിച്ചു നല്‍കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യാന്‍ പാടില്ല. ഇതൊക്കെ ലംഘിച്ചാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ മറവില്‍ ടൂറിസം കുത്തകകള്‍ക്ക് ഭൂമി പതിച്ചു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ തീരഭൂമി റിസോര്‍ട്ടുകാര്‍ക്ക് നിയമവിരുദ്ധമായി പതിച്ചു നല്‍കുന്നതിനെതിരെ സ്വന്തം പാര്‍ട്ടിയിലുള്‍പ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തീരുമാനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചെന്ന വിശദീകരണവുമായി റവന്യുമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: