തൃപ്പൂണിത്തുറ: ആകെയുള്ള ഒന്നര സെന്റ് ഭൂമിയില്‍ കഴിഞ്ഞ 13 മാസമായി വീടുവയ്ക്കാനാകാതെ വട്ടം കറങ്ങുകയാണു വൈറ്റില തൈക്കുടം തുണ്ടത്തില്‍പ്പറമ്പില്‍ ശോഭ. തന്റെ ഒരുതുണ്ട് ഭൂമി വില്ലേജ് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥന് മറ്റൊരാള്‍ക്കു അളന്നു നല്കിയപ്പോള് ശോഭക്കു നഷ്ടമായതു സ്വന്തമായി ഒരു വീടെന്ന ദീര്‍ഘ നാളത്തെ സ്വപ്നമായിരുന്നു. താഴെത്തട്ടു മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്ക്കു ഇവര്‍ തന്റെ അവസ്ഥ കാണിച്ചു പരാതി നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം ഇപ്പോഴും ചുവപ്പു നാടയില്‍തന്നെ കുരുങ്ങിക്കിടക്കുന്നു.
പൂണിത്തുറ വല്ലേജിലെ സര്‍വേ നമ്പര്‍ 1270/ 3 ല്‍ പെട്ട ശോഭയുടെ സ്ഥലം അതിരു പുനര്നിര്ണയത്തിനെത്തിയ താലൂക്ക് സര്‍വയര്‍ പുറമ്പോക്കാക്കി അതിരു കാണിച്ചതിനെത്തുടര്‍ന്നാണു ശോഭയുടെ കഷ്ടകാലം ആരംഭിക്കുന്നത്. അതിരു നിര്‍ണയം പൂര്‍ണമാക്കിയെന്നും അധികവസ്തു കൈവമുണ്ടെന്നും അഡീഷണല്‍ തഹസില്‍ദാര്‍ ഒപ്പിടാതെ ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്കി. സര്വയര്ക്കെതിരേ പരാതിയുണ്ടെങ്കില്‍ ജില്ലാ സര്‍വെ സൂപ്രണ്ടിനു പരാതി നല്‍കാമെന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അറിയിപ്പു ലഭിച്ചു. ആ ആഴ്ച തന്നെ ബന്ധപ്പെട്ട രേഖകള്‍ സഹിതം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. തുടര്‍ന്നു കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും ശോഭ പരാതി നല്കി. കളക്ടറുടെ ഉത്തരവു പ്രകാരം താലൂക്ക് ഒന്നാംതരം സര്‍വയര്‍ നടത്തിയ റീ സര്‍വേയില്‍ ശോഭയുടെ 3606/82 നമ്പര്‍ പ്രമാണവസ്തു 1972ല്‍ കനാലിനു പോയെന്നു റിപ്പോര്‍ട്ടു നല്കി. തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിലൂടെ ശോഭ മുഖ്യമന്ത്രിയുടെ മുന്നില്‍ പ്രശ്നം അവതരിപ്പിക്കുന്നത്. സുതാര്യ കേരളത്തിനും വസ്തു കനാലിനുപോയി എന്ന റിപ്പോര്‍ട്ടാണു ലഭിച്ചത്. എന്നാല്‍ ഈ ഒന്നരസെന്റ് ഭൂമി അയല്‍ക്കാരിയുടെ കൈവശമാണെന്നു സര്‍വയര്‍ അറിയിച്ചതായി അഡീ. തഹസില്‍ദാര്‍ ശോഭയോടു പറഞ്ഞിരുന്നതായും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നും ശോഭ തന്റെ നിയമപോരാട്ടം അവസാനിപ്പിച്ചില്ല. കളക്ടറുടെ മുമ്പില്‍ വീണ്ടും പരാതിയുമായി എത്തി. എന്നാല്‍ ഇവിടെയും ശോഭക്കു അനുകൂലമായൊരു റിപ്പോര്‍ട്ട് ലഭിച്ചില്ല. വീണ്ടും പരാതിപ്പെട്ടതിനെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നടത്തിയ വിചാരണയില്‍ രണ്ട് സെന്റ് വസ്തു അയല്‍ക്കാരി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി താലൂക്ക് സര്‍വയറും കണ്ടെത്തി. വസ്തു ഉടന്‍ കണ്ടെത്തിത്തരുമെന്നു ഡെപ്യൂട്ടി കളക്ടറും വില്ലേജ് ഓഫീസറും ചര്‍ച്ചക്കുശേഷം ശോഭയെ അറിയിച്ചു. ഡിസംബറില്‍ രേഖാമൂലം നോട്ടീസ് നല്കി കളക്ടര്‍ നേരിട്ടു നടത്തിയ വിചാരണയില്‍ വസ്തു കനാലിനു പോയി എന്നു താലൂക്ക് സര്‍വയര്‍ വീണ്ടും നിലപാടെടുത്തു. ഇതു സംബന്ധിച്ച കളക്ടറുടെ ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാതെ ഫയല്‍ ഒന്നുകൂടി പഠിക്കട്ടെയെന്നു സര്‍വയര്‍ മറുപടിയും പറഞ്ഞു. ഇതേത്തുടര്‍ന്നു ജനുവരിയില്‍ വിചാരണ നടത്താന്‍ തീരുമാനിച്ചെങ്കിലും അതു ഫെബ്രുവരിയിലേക്കു നീട്ടി. എന്നാല്‍ കളക്ടര്‍ മാറിയതിനെതിനെ തുടര്‍ന്നു നടന്നില്ല. തുടര്‍ന്നു റവന്യൂ മന്ത്രിക്കു പരാതി നല്കി. ഒപ്പം പുതിയ കളക്ടറെ കണ്ടെങ്കിലും ഫയല്‍ പരിശോധിക്കട്ടെയെന്നും സിവില്‍കേസ് വേണ്ടി വരുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ ആര്‍ക്കെതിരേ കേസ് നല്‍കണമെന്നു വ്യക്തമാക്കിയില്ല.
ഈ അവ്സഥയില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണു ശോഭ. അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ചു ഭൂമി തിരികെ നല്‍കുക, റവന്യൂ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനു നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനൊരുങ്ങുകയാണു ശോഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: