ഭുവനേശ്വര്‍: ഐപിഎല്‍ ഏഴാം എഡിഷന്റെ വേദി നിശ്ചയിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുശേഷം മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുക ലക്ഷ്യമിട്ടാണിത്. ചാമ്പ്യന്‍ഷിപ്പ് പുറത്തേക്കു പറിച്ചുനടുന്നത് ഒഴിവാക്കാന്‍ സ്പോര്‍ണര്‍മാര്‍ കടു ത്ത സമ്മര്‍ദ്ദമുയര്‍ത്തിയിരുന്നു.
ഏപ്രില്‍ ഒമ്പത് മുതല്‍ ജൂണ്‍ മൂന്നുവരെയാണ് ഐപിഎല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആ സമയത്താണ് ലോക്സഭാ തെരഞ്ഞെടുപ്പും. അതിനാല്‍ ടൂര്‍ണമെന്റിന് സുരക്ഷ നല്കാന് സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പൊതു തെരഞ്ഞെടുപ്പിന്റെ തീയതി അറിഞ്ഞതിനുശേഷം മാത്രമേ ഐപിഎല്‍ വേദി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകു. ആവശ്യമെങ്കില്‍ ചില മത്സരങ്ങള്‍ വിദേശത്തു നടത്തും. ദക്ഷിണാഫ്രിക്ക, യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ആതിഥ്യം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് പറഞ്ഞു. ടൂര്‍ണമെന്റിന്റെ വിദേശ വേദിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ദക്ഷിണാഫ്രിക്കയ്ക്കു തന്നെയാണ്. ഐപിഎല്ലിന്റെ രണ്ടാം പതിപ്പിന് ആതിഥ്യംവഹിച്ച പരിചയം ആഫ്രിക്കന്‍ രാജ്യത്തിന് മുന്‍തൂക്കം നല്കുന്നു. ദക്ഷിണാഫ്രിക്കയിലെ സ്റ്റേഡിയങ്ങളടക്കമുള്ള എല്ലാ സൗകര്യങ്ങളും ലോകോത്തര നിലവാരമുള്ളവയാണ്.
യുഎഇയുടെ സാധ്യതകളും തള്ളിക്കളയാനാവില്ല. ഷാര്‍ജയ്ക്കു പുറമെ രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി (ദുബായ്, അബുദാബി) ഇപ്പോള്‍ അവിടെയുണ്ട്. യാത്രാമാര്‍ഗങ്ങളും സുഗമം. എന്നാല്‍ മാഫിയാ- അധോലോക സംഘങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള യുഎഇയില്‍ കളികള്‍ നടത്തിയാല്‍ ഒത്തുകളിയും വാതുവയ്പ്പും സജീവമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ബംഗ്ലാദേശിന്റെ കാര്യത്തിലും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിലെ ചില ഉന്നതര്‍ക്ക് എതിര്‍പ്പുണ്ട്. ബംഗ്ലാ നഗരങ്ങള്‍ വേണ്ടത്ര ഹോട്ടല്‍ സൗകര്യങ്ങളില്ലെന്നതാണ് പ്രധാന പോരായ്മ. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെയുണ്ടായ ക്രമക്കേടുകളും വിമര്‍ശകര്‍ എടുത്തുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: