റോം: ഇംഗ്ലീഷ് ക്ലബ്ബ് സ്വാന്സിയുടെ യൂറോപ്പ ലീഗ് ഭാഗ്യപരീക്ഷണങ്ങള്‍ക്ക് അന്ത്യം. അവസാന 32ന്റെ രണ്ടാം പാദത്തില്‍ ഇറ്റാലിയന്‍ സംഘം നാപ്പോളിയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയ സ്വാന്‍സി പുറത്തേക്കു വഴിതേടി. ആദ്യ മുഖാമുഖത്തില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചിരുന്നു. പ്രീ- ക്വാര്‍ട്ടറില്‍ നാപ്പോളി പോര്‍ച്ചുഗീസ് ടീം എഫ്സി പോര്‍ട്ടോയെ നേരിടും.
പ്രതിരോധപ്പിഴവുകളാണ് എതിരാളിയുടെ തട്ടകത്തില്‍ സ്വാന്‍സിക്ക് വിനയായത്. കളിയുടെ പതിനേഴാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സൈന്റെ കൂള്‍ ഫിനിഷിലൂടെ മുന്നില്‍ക്കയറിയ നാപ്പോളിയെ ജൊനാഥന് ഗുസ്മാന്റെ സട്രൈക്കിന്റെ ബലത്തില്‍ സ്വാന്‍സി ഒപ്പം പിടിച്ചു. പിന്നെ ഏറെ നേരം സ്വാന്‍സി പന്തില്‍ ആധിപത്യം സ്ഥാപിച്ചു.
രണ്ടാം പകുതിയില്‍ രണ്ടു ടീമുകളും അവസരങ്ങള്‍ തുലച്ചു. ഒടുവില്‍ 78-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് സ്വാന്സിയുടെ ഹൃദയം തുളച്ചു. പത്തുവാര അകലെനിന്ന് ഹിഗ്വെയ്ന് തൊടുത്ത ഷോട്ട് ഇംഗ്ലീഷ് ടീമിന്റെ വലയില്‍ (2-1). ഇഞ്ചുറി ടൈമില്‍ ഗോഖാന്‍ ഇന്ലറും സ്കോര്‍ ചാര്ട്ടിലെത്തുമ്പോള് നാപ്പോളിക്ക് നല്ല മാര്‍ജിനിലെ ജയം (3-1). എന്‍ട്രാക്റ്റ് ഫ്രാങ്ങ്ഫര്ട്ടിനെ എവേ ഗോളിന്റെ അനുകൂല്യത്തില്‍ പിന്തള്ളിയാണ് പോര്‍ട്ടോയുടെ മുന്നേറ്റം. പോര്‍ച്ചുഗലില്‍ നടന്ന ആദ്യപാദം 2-2ന് സമനിലയിലായിരുന്നു. എന്ട്രാക്റ്റിന്റെ തട്ടകത്തിലെ രണ്ടാം അങ്കവും തുല്യം നിന്നു. (3-3), അഗ്രഗേറ്റ് സ്കോര്‍ 5-5ല്‍ എന്ന നില പാലിച്ചപ്പോള്‍ പോര്‍ട്ടോ അവസാന പതിനാറില്‍ കടന്നുകൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: