ഓര്‍മ്മവെച്ച നാള്‍മുതല്‍ കണ്ടും കേട്ടും അറിഞ്ഞ ഓട്ടന്‍തുള്ളലാണ് കൃഷ്ണവേണിയെ തുള്ളല്‍ കലാകാരിയാക്കി മാറ്റിയത്.
പ്രശസ്ത തുള്ളല്‍ കലാകാരനായ കെ.പി നന്തിപുലത്തിന്റെ മകളായ കൃഷ്ണവേണിയുടെ ജീവിതത്തിലേക്ക് തുള്ളല്‍ വഴിതെറ്റിവന്ന കലയല്ല. കുറത്തിയാട്ടത്തിലും തുള്ളലിലുമായി 1500 ഓളം വേദികള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു ഇരുപത്തിരണ്ടുകാരിയായ ഈ യുവ കലാകാരി. പത്താം വയസ്സുമുതലാണ് പിതാവും ഗുരുവുമായ കെ.പി നന്തിപുലത്തിനൊപ്പം ഓട്ടന്തുള്ളല് അഭ്യസിച്ച് തുടങ്ങിയത്. കുറത്തിയാട്ടം ഏതു പ്രായം മുതല്‍ അഭ്യസിച്ചു തുടങ്ങിയെന്നു ചോദിച്ചാല്‍ ‘നടക്കാന്‍ തുടങ്ങിയ കാലം മുതല്‍’ എന്നായിരിക്കും മറുപടി. കുറത്തിയാട്ടത്തിനും ഓട്ടന്‍തുള്ളലിലുമെല്ലാം കുടുംബം ഒന്നിച്ചാണ് യാത്ര. ഓട്ടന്‍തുള്ളലിന് വരുമാനവും വേദിയും കുറവായിരുന്ന ഒരു കാലത്ത് വായ്പ്പാട്ടിന് അച്ഛനൊപ്പം പോയി തുടങ്ങിയതാണ് കൃഷ്ണവേണിയും സഹോദരന് ഗിരീഷും. മക്കളെ ഒപ്പം കൂട്ടിയാല്‍ വായ്പ്പാട്ടുകാരുടെ വരുമാനം അധികം ചെലവാകില്ലല്ലോ എന്ന ഒരു നിര്‍ധനകലാകാരന്റെ മനസ്സും അതില്‍ തെളിഞ്ഞു കാണാമായിരുന്നു. “തുള്ളല്‍ കലാരംഗത്ത് സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. വിരലിലെണ്ണാവുന്നവര്‍ എന്നു തന്നെ വേണമെങ്കില്‍ പറയാം. അതിനും ഒരു കാരണമുണ്ട്. കായികാധ്വാനം വളരെ വേണ്ട ഒരു കലയാണ് ഓട്ടന്തുള്ളല്. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ ശരീരം കായികാധ്വാനം ചെയ്യാന്‍ സാധിക്കാതെവരുന്നു എന്നതുകൊണ്ടും ഒപ്പം കുടുംബത്തിലേക്ക് ഒതുങ്ങിപ്പോകുന്നു എന്നുള്ളതുകൊണ്ടും ആണ് പൊതുവേ സ്ത്രീകള്‍ തുള്ളല്‍ കലാരംഗത്ത് നിലനില്ക്കാത്തത്”- കൃഷ്ണവേണി പറയുന്നു.
രുഗ്മിണിസ്വയംവരം, കിരാതം, ഗരുഡഗര്‍വ്വഭംഗം, നാരദപരീക്ഷ എന്നീ കഥകളാണ് കൃഷ്ണവേണി അധികവും അവതരിപ്പിക്കാറ്. തുള്ളലിലെ മൂന്നു വിഭാഗങ്ങളായ ഓട്ടന്തുള്ളലും, ശീതങ്കന്‍ തുള്ളലും പറയന് തുള്ളലും കൃഷ്ണവേണി അഭ്യസിച്ചിട്ടുണ്ട്. കുഞ്ചന്റെ തുള്ളല്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് മാത്രം രചന നിര്‍വ്വഹിച്ചിട്ടുള്ളതാണ്. മത്സരങ്ങള്‍ക്കുവേണ്ടി ഇപ്പോഴതിനെ ഹാസ്യത്തില്‍ നിന്നും ശോകത്തിലേക്ക് വഴി മാറ്റി വിടുന്ന ശൈലിയോടും ഈ കലാകാരിക്ക് താല്പര്യമില്ല. ഒന്നരമണിക്കൂര്‍ നീണ്ടു നില്ക്കുന്ന തുള്ളല്‍ കാണാന്‍ വരുന്നവര്‍ മുഷിയാതെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കാന്‍ കഴിയണം. തുള്ളലില്‍ കലാകാരന്റെ മനോധര്‍മ്മമാണ് ഓരോ വേദിയെയും ആസ്വാദനത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും ഒപ്പം വ്യത്യസ്തമാക്കുന്നതെന്നും കൃഷ്ണവേണി ഉറച്ചു വിശ്വസിക്കുന്നു. ഗണപതിയെയും സരസ്വതിയെയും വന്ദിച്ചുകൊണ്ട് തുടങ്ങുന്ന തുള്ളല്‍ കലാരൂപം പടിവട്ടവും മൂന്നാറങ്ങും കഴിഞ്ഞാണ് കഥയിലേക്ക് കടക്കുക. കഥയിലേക്ക് പ്രവേശിക്കുന്നതോടെ കലാകാരന് മുന്നിലിരിക്കുന്നവര്‍ വലിപ്പച്ചെറുപ്പമില്ലാതെ കഥാപാത്രങ്ങളായി പരിഹസിക്കപ്പെട്ടേക്കും. അത്തരം മറക്കാനാവാത്ത ഒരനുഭവം കൃഷ്ണവേണിക്കും ഉണ്ടായിട്ടുണ്ട്. ഓട്ടന്‍തുള്ളലിലെ കിരാതം കഥയില്‍ പരമശിവന് അര്‍ജ്ജുനനോട് പറയുന്ന ഒരു സന്ദര്‍ഭമുണ്ട്.
‘കാമാധിക സുകുമാരാ നിന്നെ-
കാണ്‍മാനീ തൊഴിലൊക്കെയെടുത്തു…! എന്ന് ചൂണ്ടിപ്പറഞ്ഞത് സുകുമാരന്‍ എന്ന് പേരുള്ള ഒരാളോടു തന്നെയായിരുന്നു. ‘സുകുമാരാ നിന്നെ’ എന്ന ഒരാവര്‍ത്തികൂടി വിളിച്ചതോടെ അയാള്‍ വേദിക്കരികിലേക്കെത്തി കാത്തുനിന്നതുമെല്ലാം ഓട്ടന്തുള്ളല് ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണെന്ന് കൃഷ്ണവേണി പറയുന്നു.
സ്കൂള്‍തലം മുതല്‍ ഓട്ടന്തുള്ളല് മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള കൃഷ്ണവേണിക്ക് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കലയോടൊപ്പം തുല്യപ്രധാന്യം പഠനത്തിനും നല്‍കിവരുന്ന കൃഷ്വേണി അവിടെയും നിരവധി ഒന്നാംസ്ഥാനം നേടിപ്പോരുന്നു. തൃശ്ശൂര്‍ കോഓപ്പറേറ്റീവ് കോളേജില്‍ എംഎസ്സി ഗണിതം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ കൃഷ്ണവേണി കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി കോളേജിലെ മികച്ച വിദ്യാര്‍ത്ഥിനി എന്ന ബഹുമതിയും സ്വന്തമാക്കി.
തുള്ളല്‍ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ നിരവധി കുട്ടികളിലേക്ക് ഈ കഴിവ് പകര്‍ന്നു നല്കുവാനും കൃഷ്ണവേണി ശ്രമിച്ചുവരുന്നു. പഠിപ്പിക്കുമ്പോഴും ചില ചിട്ടകള്‍ പുലര്‍ത്തിവരുന്നുണ്ട്. ഇന്‍സ്റ്റന്റായി തുള്ളല്‍ ആരെയും പഠിപ്പിക്കുവാന്‍ ശ്രമിച്ചിട്ടില്ല. തുള്ളല്‍ കലാരൂപം ചിട്ടവട്ടങ്ങളോടെ പഠിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. അതിന് തയ്യാറായി വരുന്നവരെ മാത്രമേ പഠിപ്പിക്കാറുമുള്ളു.
ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിലും ഒപ്പം കേരള കലാമണ്ഡലത്തിന്റെ ക്ഷണിക്കപ്പെട്ട വേദികളിലും കൃഷ്ണവേണി തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ ഉത്സവങ്ങളില്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും അച്ഛനും സഹോദരനുമൊപ്പം തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിപൂര്‍ണ്ണമായും ഒരു കലാകുടുംബം തന്നെയാണ് കൃഷ്ണവേണിയുടേത്.
കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവും തുള്ളല്‍ കലാനിധി പുരസ്കാരത്തിനുടമയുമായ പ്രശസ്ത തുള്ളല്‍ കലാകാരനായ കെ.പത്മനാഭന് എന്ന കെ.പി നന്തിപുലമാണ് അച്ഛന്. മിലിട്ടറി ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിക്കുമ്പോഴും ഉത്സവകാലങ്ങളില്‍ ലീവെടുത്ത് ഉത്സവപറമ്പുകളിലേക്ക് ഓടിയെത്തുന്ന തുള്ളല്‍ കലാകാരനാണ് സഹോദരന് ഗിരീഷ് പത്മനാഭന്. ഭര്‍ത്താവിനും മക്കള്‍ക്കും സര്‍വ്വപിന്തുണയുമായി കഴിയുന്ന അമ്മ ഗൗരിയാണ് മൂവരുടെയും ശക്തി. അച്ഛനും അമ്മയ്ക്കും എട്ടനും ഭാര്യ റാണിക്കും അവരുടെ മകള്‍ അനന്യക്കുമൊപ്പമാണ് കൃഷ്ണവേണി കഴിയുന്നത്. വിവാഹം കഴിക്കുന്ന വ്യക്തി കലയെ തള്ളിപ്പറയാത്ത ഒരാളാവണം എന്നതാണ് കൃഷ്ണവേണിക്കൊപ്പം വീട്ടുകാരുടെയും ആഗ്രഹം.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: