കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം സ്ഥിരമായി ഘടകകക്ഷിക്ക് നല്കുന്നതില് കോണ്‍ഗ്രസ്സിനുള്ളില്‍ പ്രതിഷേധം ഉയരുന്നു. ഇന്നലെ കെപിസിസി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണ ചടങ്ങിലും കോണ്‍ഗ്രസ്സുകാരുടെ ഈ അമര്‍ഷം അണപൊട്ടിയൊഴുകി.
മുന്‍കാല നേതാക്കള്‍ മുതല്‍ നിലവിലെ ഭാരവാഹികള്‍ വരെ സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ പരിഭവം പറയുന്നുണ്ടായിരുന്നു. ഇടുക്കി ലോകസഭാമണ്ഡലം കേരളാ കോണ്‍ഗ്രസ്സിന് വേണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സില്‍ നിന്നും കോട്ടയം മണ്ഡലം തിരികെ വാങ്ങണമെന്ന ധ്വനിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം വയ്ക്കും.
കോട്ടയം മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് കെ.എം ചുമ്മാര്‍ അടക്കമുള്ള ആദ്യകാല നേതാക്കളും കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പി.സി ജോര്‍ജ്ജിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അത്ര സുഗമമാകില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: