കൊച്ചി: ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം വിമാനത്താവളത്തിന് തടസമാകുമെന്ന് എയ്റോ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എയ്റോ സര്‍വേ ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വിമാനത്താവളത്തിന്റെ പരിധിയില്‍ അനുവദനീയമായതിലും 5.9 മീറ്റര്‍ ഉയരം കൂടുതലാണ് കൊടിമരത്തിനുള്ളത്. ഇത് വിമാനങ്ങളുടെ വരവ്-പോക്കിനെ ബാധിക്കും. കൊടിമരത്തിന്റെ ഉയരം കുറയ്ക്കുകയോ രാത്രികാലങ്ങളില്‍ ചുവന്ന അടയാളം ഘടിപ്പിക്കുകയോ ചെയ്യാതെ വിമാനസര്‍വീസ് നടത്താനാവില്ല.
ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതി റിപ്പോര്‍ട്ടില്‍ തയ്യാറാക്കിയിട്ടുള്ള റണ്‍വേയുടെ രൂപരേഖയില്‍ മാറ്റം വരുത്തണമെന്ന് എയ്റോ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതിന് വിരുദ്ധമാണ് ഇത്.
റണ്‍വേയുടെ ദിശ മാറ്റുന്നതോടെ കൊടിമരം തടസമാകില്ലെന്നാണ് കെജിഎസ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത് തടസങ്ങളുണ്ടോ എന്നറിയാന്‍ മാത്രമായിരുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കിറ്റ്കോയാണ് ആദ്യം കെജിഎസ് ഗ്രൂപ്പിനുവേണ്ടി പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതില്‍ പിന്നീട് കെജിഎസ് ഗ്രൂപ്പ് മാറ്റങ്ങള്‍ വരുത്തിയതായി കിറ്റ്കോ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പഠനറിപ്പോര്‍ട്ടിന്റെ മറവില്‍ കോടതിയെ കബളിപ്പിക്കുകയാണ് കെജിഎസ് ഗ്രൂപ്പ് ചെയ്തതെന്നാണ് എയ്റോ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: