തിരുവനന്തപുരം: കെഎംഎംഎല്‍ പരിസരത്തെ 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രദേശത്തെ ജനങ്ങളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കുന്നത്. മലിനീകരണത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളുടെ ആവശ്യത്തിലാണ് നഷ്ടപരിഹാം നല്കി ഭൂമി ഏറ്റെടുക്കുകയെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാണിച്ച് കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
നെല്ലിന്റെ സംഭരണവില 19 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ 18 രൂപ നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ പോലീസ് സേനയിലെ അംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത് ജയില്‍, അഗ്നിശമന സേനാംഗങ്ങള്‍ക്ക് കൂടി ബാധകമാക്കി. അതേസമയം സേനയിലുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് ലഭിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴുള്ള റീഇംപേഴ്സ്മെന്റ് സ്കീം തുടരും. എന്നാല്‍ പൊലീസുകാര്‍ക്ക് ഇന്‍ഷ്വറന്‍സും റീഇംപേഴ്സമെന്റും ഒരുമിച്ച് ലഭിക്കില്ല.
ആറ് വനിതാ പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്കി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി, കാന്തല്ലൂര്‍, വെള്ളിയമറ്റം, കാഞ്ചികാല് എന്നിവിടങ്ങളില്‍ ആയുര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു.
വരള്‍ച്ച നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, ജലവിഭവ വകുപ്പുകളോട് നിര്‍ദ്ദേശിച്ചു. ഇതിനാവശ്യമായ പണം അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ പണം അനുവദിക്കേണ്ട ഘട്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: