മാഡ്രിഡ്: കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ-ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ മണ്ണില്‍ വച്ച് തകര്‍ത്ത ബാഴ്സലോണക്ക് സ്പാനിഷ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. റയല്‍ സോസിഡാഡാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സയെ കെട്ടുകെട്ടിച്ചത്. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് 3-ന് എല്‍ച്ചെയെ തകര്‍ത്ത് ലീഗില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ റയലിന് മൂന്ന് പോയിന്റിന്റെ ലീഡുണ്ട്. റയലിന് 25 മത്സരങ്ങളില്‍ നിന്ന് 63ഉം ബാഴ്സക്ക് 60 പോയിന്റാണുള്ളത്. 24 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡാണ് മൂന്നാമത്. 25 കളികളില്‍ നിന്ന് 43 പോയിന്റുള്ള സോസിഡാഡ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ബാഴ്സക്കെതിരായ മത്സരത്തിന്റെ 32-ാം മിനിറ്റില്‍ കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ അലക്സ് കാമറൂണിന്റെ സെല്‍ഫ് ഗോളില്‍ സോസിഡാഡ് മുന്നിലെത്തി. എന്നാല്‍ നാല് മിനിറ്റിനകം സൂപ്പര്‍താരം മെസ്സി ബാഴ്സയെ ഒപ്പമെത്തിച്ചു. മാര്ട്ടിന് മൊടോയയുടെ ഒരു പാസ് ബോക്സിന്റെ പുറത്തു നിന്ന ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് മെസ്സി വലയിലെത്തിച്ചത്. പകുതിസമയത്ത് സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ നിറംമങ്ങിയ ബാഴ്സയ്ക്ക് ഉജ്വല ഫോമില്‍ കളിച്ച സോസിഡാഡിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കാര്‍ലോസ് വെല, അന്റോണിയോ ഗ്രിയെസ്മാന്‍, മൈക്കല്‍ ഗോണ്‍സാലസ് തുടങ്ങിയവര്‍ അവസരങ്ങള്‍ നശിപ്പിച്ചശേഷം 54-ാം മിനിറ്റില്‍ ഗ്രിയെസ്മാന്‍ സോസിഡാഡിനെ മുന്നിലെത്തിച്ചു. പിന്നീട് 59-ാം മിനിറ്റില്‍ സുരുതുസ ബാഴ്സയെ ഞെട്ടിച്ചുകൊണ്ട് വിജയഗോള്‍ കുറിച്ചു. സീസണില്‍ ഇത് ബാഴ്സയുടെ മൂന്നാം തോല്‍വിയാണ്.
മറ്റൊരു മത്സരത്തില്‍ സസ്പെന്‍ഷിലുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടാതെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ റയലിന് എല്‍ച്ചെ കാര്യമായ വെല്ലുവിളിയൊന്നും ഉയര്‍ത്തിയില്ല. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യ ഗോള്‍ നേടാന്‍ റയലിന് 34-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. 34-ാം മിനിറ്റില്‍ അസിയര്‍ ലാറമെന്ഡിയിലൂടെയാണ് ആദ്യം ലീഡെടുത്തത്. 71-ാം മിനിറ്റില്‍ ഗരെത് ബെയ്ല് ലീഡുയര്‍ത്തി.
സീസണില്‍ ബെയ്ലിന്റെ പന്ത്രണ്ടാം ഗോള്‍. 30 വാര അകലെ നിന്ന് ബെയ്ല് ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന എല്‍ച്ചെ ഗോളിയെ മറികടന്ന ശേഷം ക്രോസ് ബാറിെന്റ അടിയില്‍ത്തട്ടി വലയില്‍ പതിച്ചു. പത്ത് മിനിറ്റിനുശേഷം 81-ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ പാസില്‍ നിന്ന് സ്പാനിഷ് യുവതാരം ഇസ്കോ റയലിന്റെ പട്ടിക തികച്ചു. മറ്റ് മത്സരങ്ങളില്‍ സെല്‍റ്റ ഡി വീഗോ-ഗറ്റാഫെ പോരാട്ടം 1-1നും അല്‍മേറിയ-മലാഗ പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: