തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല. നിയമവിദഗ്ദരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ മാധ്യമങ്ങളെ കാണുകയുള്ളുവെന്ന് സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനാണ് അറിയിച്ചത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കണ്ട ശേഷം വാര്‍ത്ത സമ്മേളനം വേണമോയെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുവെന്ന് ഫെനി അറിയിച്ചു.
ഞായറാഴ്ച തിരുവനന്തപുരത്തോ ആലപ്പുഴയിലോ വച്ച് സരിത മാധ്യമങ്ങളെ കാണുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. രണ്ട് ദിവസങ്ങള്‍ക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നായിരുന്നു ജയിലില്‍ നിന്നിറങ്ങിയ സരിത പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ സരിത അപ്രത്യക്ഷയായതിനെ കുറിച്ച് ഇന്നലെ വിവാദമുണ്ടായിരുന്നു.
സരിതയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത് ദുരൂഹമാണെന്ന ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെയാണ് ഉന്നയിച്ചത്. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയ സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് ഞായറാഴ്ച രാവിലെ പത്തിന് ആലപ്പുഴയിലോ തിരുവനന്തപുരത്തോ സരിത മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്.
2013 ജൂണ്‍ മൂന്നിന് സോളാര്‍ കേസില്‍ ജയിലിലായ അവര്‍ എട്ട് മാസത്തെ ജയില്‍വാസത്തിനു ശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. കേസിലെ കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണന് ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോഴും ജയിലിലാണ്.
സൗരോര്‍ജ്ജ പ്ലാന്റുകളും തമിഴ്നാട്ടില്‍ കാറ്റാടിപ്പാടങ്ങളും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കബളിപ്പിച്ച് കോടികള്‍ തട്ടിയെന്നാണ് സരിതയ്ക്കും ബിജുവിനുമെതിരെയുള്ള കേസുകള്‍. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50ഓളം കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സരിതയ്ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: