കൊച്ചി: നഗര ഹൃദയത്തില്‍ മേയറുടെ നേതൃത്വത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറ്റം. കൊച്ചി മേയര്‍ ടോണി ചമ്മിണിയാണ് അനധികൃതമായി പുറമ്പോക്ക് സ്ഥലവും തോടും കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നത്. കലൂര്‍ കതൃക്കടവ് ജംഗ്ഷനു കിഴക്ക് ഉദയാ നഗര്‍ ഹൗസിങ് കോളനിയിലാണ് പൊതുതോടും സ്ഥലവും കയ്യേറി മേയര്‍ അനധികൃത നിര്‍മ്മാണം നടത്തുന്നത്.
നിര്‍മ്മാണം നടക്കുന്ന സര്‍വ്വേ നമ്പര്‍ 275 ല്‍ പെട്ട 10 സെന്റ് സ്ഥലത്തിനരികിലൂടെ നാല് മീറ്റര്‍ വീതിയില്‍ ഒഴുകിയിരുന്ന സീനത്തോട് ഏതാണ്ട് പൂര്‍ണ്ണമായും കയ്യേറിയ അവസ്ഥയിലാണ്. ഇപ്പോള്‍ ഒരു മീറ്ററില്‍ താഴെ മാത്രമാണ് തോടിന്റെ വീതി. റവന്യൂ രേഖകളില്‍ തോടിന്റെ വീതി നാല് മീറ്റര്‍ എന്ന് വ്യക്തമായി കാണാവുന്നതാണ്. നീരൊഴുക്കുള്ള തോടിന്റെ നിശ്ചിത അകലത്തില്‍ മാത്രമേ കെട്ടിടം നിര്‍മ്മിക്കാവൂ എന്ന ചട്ടവും മേയര്‍ ലംഘിച്ചിട്ടുണ്ട്. 5000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മൂന്നു നിലകളിലായി പണിയുന്ന കെട്ടിടം കേരള കെട്ടിട നിര്‍മ്മാണച്ചട്ടം പാടേ ലംഘിച്ചാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മൂന്നു കോടിക്കു മേലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണച്ചെലവ്. തീരദേശ ഭൂവിനിയോഗ നിയമം ലംഘിച്ച് അനധികൃ നിര്‍മ്മാണം നത്തിയതിന് നടപടി നേരിടുന്ന രണ്ട് പ്രമുഖ ബില്‍ഡര്‍മാരാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. പേരണ്ടൂര്‍ കനാലിന്റെ തീരത്ത് കുടില്‍ കെട്ടി താമസിച്ചിരുന്നവരെ അനധികൃത കയ്യേറ്റത്തിന്റെ പേരില്‍ ഒഴിപ്പിക്കാന്‍ നേതൃത്വം കൊടുത്ത മേയര്‍ നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറിയത് ഏറെ വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. മേയറുടെ പാര്‍ട്ടിക്കുള്ളിലും ഇത് സംബന്ധിച്ച് ശക്തമായ മുറുമുറുപ്പ് ഉയരുന്നതായാണ് സൂചന. സീനത്തോട് നഗരത്തിലെ പ്രധാന നീരൊഴുക്കു സംവിധാനങ്ങളിലൊന്നാണ്. തോട് കയ്യേറ്റം ഗുരുതരമായ വെള്ളക്കെട്ടിനും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുന്നതാണ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: