ന്യൂല്‍ദഹി: ആലുവയില്‍ പെരിയാര്‍ തീരത്ത് അനധികൃതമായി നിര്‍മിച്ച ഡിടിപിസിയുടെ റെയിന്‍ബോ ഹോട്ടല്‍ ഉടന്‍ പൊളിച്ചു നീക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഒരു ദിവസത്തെ സാവകാശം പോലും ഇതിനായി അനുവദിക്കില്ലെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പൊളിക്കുന്നതിനായി ഉപയോഗിക്കാനും ആവശ്യമെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആലുവ മണപ്പുറത്ത് മാര്‍ത്താണ്ഡവര്‍മ പാലത്തിനു സമീപം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മിച്ച റെയിന്‍ബോ ഫാമിലി റസ്റ്റോറന്റ് മൂന്നു മാസത്തിനകം പൊളിച്ചു നീക്കാന്‍ ജൂലൈയിലാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. പാരിസ്ഥിതികാഘാത പഠനം നടത്താതെയും വിവിധ നിയമങ്ങള്‍ ലംഘിച്ചുമാണ് ഹോട്ടലിന്റെ നിര്‍മാണം നടത്തിയതെന്നും പദ്ധതി നദിയിലെ ജൈവവൈവിധ്യത്തെയും ഭൂഗര്‍ഭജലത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അസോസിയേഷന് ഫോര്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഉത്തരവിട്ട് മൂന്നു മാസത്തിനു ശേഷവും നടപടിയെടുക്കാതെ കൂടുതല്‍ സാവകാശം തേടി കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കോടതി അംഗീകരിച്ചില്ല. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്നും ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി ഇനി ഒരു മണിക്കൂര്‍ പോലും വൈകിപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: