മണ്ണിനെ മനസ്സറിഞ്ഞ് സ്നേഹിച്ചാല്‍ ചതിക്കില്ലെന്നാണ് വിശ്വാസം! ആ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് നാലു പെണ്ണുങ്ങള്‍…!!
നാലുപേരും നാലുപ്രായത്തിലുള്ളവര്‍….
നാലു സാഹചര്യത്തില്‍ ജീവിക്കുന്നവര്‍…….
എന്നാല്‍ ഇവര്‍ ഒരൊറ്റ മനസ്സുമായി പ്രയത്നിച്ചപ്പോള്‍ നേടിയെടുത്തത് നൂറുമേനി വിജയം.
തൃശൂര്‍ ജില്ലയിലെ വെട്ടുകാട് ഗ്രാമത്തിലെ ജിഷ, നിഷ, സൗമ്യ, ഓമന എന്നിവരാണ് അസാദ്ധ്യമെന്നു കരുതിയതിനെ സാദ്ധ്യമാക്കി മാറ്റിയിരിക്കുന്നത്. സുവര്‍ണ്ണോദയം കുടുംബശ്രീയിലെ അംഗങ്ങളായ ഇവര്‍ മണ്ണൂര്‍ മണലി പാടശേഖരത്തില്‍ കൃഷിയിറക്കി കൊയ്തെടുത്തത് നൂറുമേനിയുടെ വിളവാണ്.
പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന ആപ്തവാക്യം ഇവരുടെ ജീവിതത്തില്‍ അക്ഷരം പ്രതി ശരിയാവുകയായിരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് ആദ്യരണ്ട് വര്‍ഷം കൃഷിയിറക്കിയതും കനത്ത നഷ്ടത്തിലാണ് കലാശിച്ചത്. എങ്കിലും തോറ്റു പിന്മാറുവാന്‍ തയ്യാറാവാതെ മൂന്നാം തവണയും രണ്ടും കല്‍പ്പിച്ച് കൃഷിയിറക്കുകയായിരുന്നു.
കൃഷിയിറക്കാന്‍ തീരുമാനിച്ചപ്പോഴേ അറിവും അനുഭവവും ഉള്ളവര്‍ ഉപദേശിച്ചു. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് എന്തിനാണ് വീണ്ടും ഇറങ്ങുന്നതെന്നായിരുന്നു അവരുടെ ചോദ്യം. പല അര്‍ത്ഥത്തിലും അതായിരുന്നു ശരിയും! മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട ഒരു നാടാണ് വെട്ടുകാട്. കുന്നും ചെരിവുകളും നിറഞ്ഞ പ്രദേശങ്ങള്‍…
ഒഴുകിയെത്തുന്ന മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത സ്ഥലത്താണ് നൂറുപറയ്‌ക്ക് നെല്‍വയല്‍ കിടക്കുന്നത്. മഴപെയ്താല്‍ വെള്ളം പാടത്തേക്ക് എത്തും എന്നതിനുപുറമേ പാടത്ത് കൃഷിക്ക് വേനല്‍ക്കാലങ്ങളില്‍ ആവശ്യത്തിന് വെള്ളം കിട്ടാറില്ല എന്നതും വലിയ പോരായ്മയാണ്. ഇത്തരം ഒരു പാടത്തിന്റെ ഇരുപതുപറ ഭാഗം പാട്ടത്തിനെടുത്ത് നാലു സ്ത്രീകള്‍ നെല്‍കൃഷി ചെയ്യാനിറങ്ങും എന്നു പറഞ്ഞാല്‍ ആരായാലും ഒന്ന് നിരുത്സാഹപ്പെടുത്തും.
പോരാത്തതിന് രണ്ടുവര്‍ഷം കൃഷിചെയ്തിട്ടും പരാജയപ്പെട്ട സ്ഥലത്ത് മൂന്നാം വര്‍ഷവും കൃഷിചെയ്യാന്‍ ഇറങ്ങുക എന്നുവച്ചാല്‍ അതൊരു സാഹസംതന്നെയാണ്. അതും നിര്‍ദ്ധനരായ നാലു സ്ത്രീകള്‍. എന്നാല്‍ ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ഇവര്‍ ഇറക്കിയ മുണ്ടകന്‍ കൃഷി മുന്‍ വര്‍ഷങ്ങളിലെ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരമായി നൂറുമേനി കൊയ്തെടുക്കാനായി.
കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുവാനായിരുന്നു ഇവര്‍ നേരിട്ട പ്രധാന പ്രശ്നം. പാടശേഖരത്തിനു സമീപത്തുകൂടി ഒഴുകുന്ന കനാല്‍ ബലപ്പെടുത്താത്തുമൂലം കൃഷിയിടത്തിലേക്ക് വെള്ളം കയറിയാണ് മുന്‍വര്‍ഷങ്ങളിലെ കൃഷി നശിച്ചുപോയത്. ഇത്തവണ ഇറക്കിയ കൃഷിയിലെ നാലുപറയോളം ഭാഗം വെള്ളംകയറി നശിച്ചുപോയിരുന്നു. കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളം സമീപത്തുള്ള കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്താണ് ഉപയോഗിച്ചിരുന്നത്. 100 പറ കൃഷിചെയ്യാവുന്ന ഈ പാടശേഖരത്തില്‍ ഇവരല്ലാതെ മറ്റാരുംതന്നെ കൃഷിയിറക്കുവാന്‍ ധൈര്യപ്പെട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുന്‍വര്‍ഷങ്ങളിലെല്ലാം കനത്തനഷ്ടം വന്നിട്ടും കൃഷിയോടുള്ള അടങ്ങാത്ത താത്പര്യംകൊണ്ടുമാത്രമാണ് മൂന്നാമതും കൃഷിയിറക്കിയത്. പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് ഇവര്‍ കൃഷിചെയ്യുന്നത്.
കൃഷിനഷ്ടം സംഭവിച്ചിട്ടും കൃഷിവകുപ്പില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ഇന്നേവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. കൊയ്തു കഴിഞ്ഞ പാടത്ത് ഇനിയുള്ള സമയങ്ങളില്‍ ചെണ്ടുമല്ലിക കൃഷിയിറക്കുവാനാണ് ഇവരുടെ ആലോചന. അതിനുള്ള സൗകര്യങ്ങള്‍ കൃഷിവകുപ്പ് ഒരുക്കിത്തരണമെന്നാണ് ഇവരുടെ ആവശ്യം.
നെല്‍കൃഷിക്കു പുറമെ പച്ചക്കറി കൃഷിയും വിവിധ സ്ഥലങ്ങളിലായി ഇവര്‍ നടത്തിവരുന്നുണ്ട്. എല്ലാകൃഷിയും പാട്ടത്തിന് എടുത്ത സ്ഥലങ്ങളിലാണ് ചെയ്യുന്നത്. മൂന്നേക്കര്‍ സ്ഥലത്ത് കൈപ്പയും ഒരേക്കര്‍ സ്ഥലത്ത് പയര്‍, കുമ്പളം, മത്തന്‍ എന്നീ വിളകളും ഇറക്കിയിരുന്നു. ജൈവവളം ഉപയോഗിച്ചുള്ള രീതിയാണ് ഇവര്‍ എല്ലാ കൃഷിയിടത്തിലും നടത്തിവരുന്നത്.
‘ചേറിലാണ് നമ്മുടെ ചോറ്’ എന്ന വിശ്വാസത്തിലൂന്നി, വെയിലും മഴയും മറന്ന് പാടത്തും പറമ്പിലും പണിയെടുത്ത് ജീവിതം പടുത്തുയര്‍ത്തുകയാണ് നാലുപേരും. മണ്ണൂര്‍മണലിപ്പാടശേഖരത്തില്‍ ചെണ്ടുമല്ലിക പൂത്തുനില്‍ക്കുന്ന ഇവരുടെ വരുംകാല സ്വപ്നത്തിനായി നമുക്കും കാത്തിരിക്കാം.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: