കൊച്ചി: ടി പി വധക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐക്ക് മടി. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കേണ്ടെന്ന നിലപാടാണ് സിബിഐക്ക്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമായിരുന്നെങ്കില്‍ നേരത്തെ പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്ന് ഒരുയര്‍ന്ന സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുകയും സാക്ഷിമൊഴികള്‍ അട്ടിമറിക്കുകയും ചെയ്തുകഴിഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് ഇനി എന്തെങ്കിലും വ്യക്തമായ തെളിവ് ലഭിക്കേണ്ടത് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നിന്നാണ്. ഇതിന് സാധ്യത കുറവുമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടാവുമെന്നും അവര്‍ ഭയപ്പെടുന്നു. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണ്.തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തീരുമാനങ്ങള്‍ മാറാം. കേസ് നേരത്തെ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ ഇത്തരം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംഘം അന്ന് ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പി.മോഹനനില്‍ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. യഥാര്‍ത്ഥത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട നേതാക്കളെ പ്രതികളാക്കാന്‍ യുഡിഎഫിനും താത്പര്യമില്ല എന്നാണ് വ്യക്തമാകുന്നത്.
കേസ് ആദ്യഘട്ടത്തില്‍ സമര്‍ത്ഥമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ ദുരനുഭവമാണ് സിബിഐ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇതിനു മുന്‍പ് സിബിഐ ഏറ്റെടുത്ത കേസുകളിലെല്ലാം രാഷ്ട്രീയ ഇടപെടലുകളാണ് ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ലാവ്ലിന് കേസ്, കിളിരൂര്‍- കവിയൂര്‍ പീഡനക്കേസ്, അഭയ കേസ് എല്ലാത്തിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായെങ്കിലും അവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണുണ്ടായത്. ടിപിക്കേസിലും ഇതു സംഭവിക്കുമെന്നാണവര്ക്ക് ആശങ്ക.
ഗൂഢാലോചന അന്വേഷണം ആരംഭിക്കേണ്ടത് പി.മോഹനനില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫായിസ് ജയിലില്‍ പി.മോഹനനെ കണ്ട വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടുണ്ട്. എന്നാല്‍ ഫായിസ് സിപിഎം നേതാക്കള്‍ക്കു മാത്രമല്ല ഭരണ മുന്നണിയിലെയും പലര്‍ക്കും വേണ്ടപ്പെട്ടവനാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമൊത്ത് ഫായിസ് ഒരു കാറില്‍ യാത്ര ചെയ്തതും മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഇയാള്‍ക്കുള്ള അടുത്ത ബന്ധവും ഇതിനകം വിവാദമായിട്ടുണ്ട്. കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം – യുഡിഎഫ് ഒത്തുകളിയുടെ ഭാഗമായിരുന്നു ഫായിസിന്റെ ജയില്‍ സന്ദര്‍ശനമെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ സംശയം. ഫായിസിന്റെ സന്ദര്‍ശനം അന്നേ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും തുടര്‍ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു ആഭ്യന്തര വകുപ്പും സര്‍ക്കാരും. സിബിഐ അന്വേഷണം ഏറ്റെടുത്താലും കാര്യമായി മുന്നോട്ടു പോകാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: