കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ സിബിഐ അന്വേഷണ പ്രഖ്യാപനം സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢതന്ത്രം മാത്രം. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചുള്ള സിബിഐ അന്വേഷണമെന്ന പ്രഖ്യാപനത്തിന് മാറാട് ഹിന്ദു കൂട്ടക്കൊലയുടെ അന്വേഷണത്തിന്റെ ഗതി വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെ കോണ്‍ഗ്രസ്-സിപിഎം ധാരണ പ്രകാരം കേസിലുള്‍പ്പെട്ടെ വമ്പന്‍ സ്രാവുകളെ സംരക്ഷിക്കാനാണ് നീക്കം.
കെ.കെ.രമയുടെ നിരാഹാരസമരത്തെ തുടര്‍ന്നാണ് ചന്ദ്രശേഖരന് വധഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കില്ലെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നു. മാറാട് കൂട്ടക്കൊല, കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധം എന്നീ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുടര്‍ന്ന അതേസമീപനം തന്നെയായിരിക്കും ടിപികേസിലും ആവര്‍ത്തിക്കുക. ഒരു കേസ് രണ്ട് ഏജന്‍സികള്‍ അന്വേഷിക്കില്ലെന്ന വാദമുയര്ത്തിത്തന്നെ ശുപാര്‍ശ നിരാകരിക്കാന്‍ സിബിഐക്ക് കഴിയും. ഈ മറുപടി വരുന്നതും മാസങ്ങള്‍ കഴിഞ്ഞായിരിക്കുമെന്നത് സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും അനുഗ്രഹമാകും.
മാറാട് ജുഡീഷ്യല്‍ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഗൂഢാലോചന സംയുക്ത കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം. എന്നാല്‍ സിബിഐ അന്വേഷണം മാത്രം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണം അസാധ്യമെന്ന സിബിഐ അറിയിപ്പ് ഉടന്‍തന്നെ തിരക്കിട്ട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കോടതി മുഖാന്തരവിലൂടെയും സിബിഐ അന്വേഷണം ഉണ്ടാവരുതെന്ന ലക്ഷ്യമായിരുന്നു ഈ ധൃതിക്കു പിന്നില്‍. ടിപി കേസില്‍ രമയുടെ സത്യഗ്രഹത്തിനിടെ പ്രത്യേക അന്വേഷണസംഘത്തെ തീരുമാനിച്ചതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. സര്‍ക്കാറിന്റെ ശുപാര്‍ശ സിബിഐയും ആരെങ്കിലും സമീപിച്ചാല്‍ ഹൈക്കോടതിയുമടക്കം തള്ളുമെന്ന സാഹചര്യമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഗൗരവമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ഗൂഢാലോചന സംബന്ധിച്ച ചിലചെറിയ തുമ്പുകള്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളൂവെന്നുമാണ് 2012 ആഗസ്റ്റ് 16ന് മാറാട് കൂട്ടക്കൊല റിവിഷന്‍ പെറ്റീഷനില്‍ ഹൈക്കോടതി വിധിയില്‍ സൂചിപ്പിച്ചത്. ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശക്തവും ഗൗരവവുമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും വിധി ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലേ കൂട്ടക്കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനയെ സംബന്ധിച്ച് ഇത്രയും കൃത്യമായ വിധിന്യായം പുറപ്പെടുവിച്ചിട്ടും മാറാടു കേസില്‍ സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ടിപി കേസിലെ ഗൂഢാലോചന സിബിഐ അന്വേഷണം പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ സര്‍ക്കാരിന് എളുപ്പമാണ്.
ടിപി വധത്തിലെ ഉന്നത രാഷ്ട്രീയബന്ധം തെളിയിക്കാതിരിക്കാന്‍ ഉള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. പി.മോഹനന്റെ അറസ്റ്റിന് ശേഷം നടന്ന എല്ലാകാര്യങ്ങളും നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശക്തമായ ഒരു തെളിവുപോലും ഹാജരാക്കാതെയാണ് മോഹനനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. അറസ്റ്റിന് മുമ്പ്തന്നെ കോണ്‍ഗ്രസും സിപിഎമ്മും എത്തിച്ചേര്‍ന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സിബിഐ അന്വേഷണ ആവശ്യത്തെ തന്ത്രപൂര്‍വ്വം അട്ടിമറിക്കുന്നതോടെ കോണ്‍ഗ്രസും സിപിഎമ്മും എഴുതിതയ്യാറാക്കിയ തിരക്കഥ പൂര്‍ത്തിയാവും. ഈ ചതിയിലാണ് ആര്‍എംപി ചെന്നുപെട്ടിരിക്കുന്നതും.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: