ആറന്മുള : നാടിനും നാട്ടാര്‍ക്കും വേണ്ടാത്ത അശാസ്ത്രീയവും അനാരോഗ്യവുകരവുമായ ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് മുന്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി . ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ പത്താംദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടന്നപ്പള്ളി.
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് സര്‍ക്കാരിനെ ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കണം. അദ്ദേഹം പറഞ്ഞു.
മുഖ്യപ്രഭാഷണം നടത്തിയ മാദ്ധ്യമ-രാഷ്ട്രീയ നിരൂപകനും ഇന്ത്യന്‍ അസ്സോസിയേഷന് ഓഫ് ലോയേഴ്സ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എ.ജയശങ്കര്‍ വിമാനത്താള നിര്മ്മാണത്തിനുപിന്നിലെ അദൃശ്യശക്തികള്ക്കെതിരേ ആഞ്ഞടിച്ചു.നെടുമ്പാശേരി വിമാനത്താവളത്തിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. വിമാനത്താവളത്തിന് എത്ര ഭൂമി വേണം എന്ന് ആര്‍ക്കും അറിയാറില്ല. 2000 രൂപക്ക് എടുത്ത ഭൂമി ലക്ഷം വിലമതിക്കുന്ന ഭൂമിയാക്കി മറിച്ച് വിറ്റ് അതിനോടനുബന്ധിച്ച് ഗോള്‍ഫ് കോഴ്സും, പഞ്ചനക്ഷത്ര ഹോട്ടലുമടക്കമുള്ള കച്ചവടസ്ഥാപനങ്ങളാണ് വന്നതെന്ന് അഡ്വ. എ.ജയശങ്കര്‍ പറഞ്ഞു.പതിനായിരക്കണക്കിന് ജനങ്ങള്‍ക്കാവശ്യമായ കുടിവെള്ളത്തിന്റെ പത്തിരട്ടി ജലം ഗോള്‍ഫ് കോഴ്സിലെ പുല്ല് നനയ്ക്കുന്നതിന് ഉപയോഗിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്തെങ്കില്‍ അത് തിരുത്താനാണ് ജനം പുതിയ സര്‍ക്കാരിനെ അവരോധിക്കുന്നത്. മറിച്ച് അത് പൂര്‍വ്വാധികം ഭംഗിയായി നടപ്പാക്കും എന്നു പറയുന്നത് ജനാധിപത്യ സങ്കല്പത്തില് ഭൂഷണമല്ല. ഇത്തരം വികസന ആഘോഷങ്ങള്‍ എല്ലാം ഒരു പറ്റം രാഷ്ട്രീയക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും കച്ചവട മുതലാളിമാര്‍ക്കും കീശ വീര്‍പ്പിക്കാനല്ലാതെ മറ്റൊന്നിനുമല്ല.
ജനങ്ങള്‍ വോട്ടു കുത്തി ജയിപ്പിച്ച എംഎല്‍എയും എംപിയും പി.ജെ.കുര്യനും അടക്കം നിങ്ങളുടെ തന്നെ നെഞ്ചില്‍ കുത്തുകയാണ്. അവരുടെ താല്പര്യങ്ങള് വേറെയാണ്. അത് ജനം തിരിച്ചറിയും. ആറന്മുളയിലെ സമരം ഒരു മാതൃകയാണ്. ജനകീയ സമരങ്ങളുടെ നെറുകയില്‍ ഒരു തിലകക്കുറിയായി ചരിത്രം ആറന്മുള സമരത്തിന്റെ വിജയം ഉയര്‍ത്തിക്കാട്ടും.പ്രത്യേകിച്ച് ഒരു നിലപാടും ഇല്ലാതെ മാര്‍തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം ആറന്മുള വിമാനത്താവളത്തെക്കുറിച്ച് പറഞ്ഞത് ലജ്ജാകരമാണെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് അശോകന് കുളനട പ്രസംഗിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ശരത്ചന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ലാ സെക്രട്ടറി വി.കെ. പുരുഷോത്തമന്‍പിള്ള, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, സിപിഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി.കെ.ജി. നായര്‍, എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരന്, സ്വാമി തവനപുത്രദാസ്, സിപിഐ (എം.എല്‍.) ജില്ലാ കമ്മറ്റി അംഗം കെ.എ. ജോസഫ് , പി. ബാബു കുഴിക്കാല എന്നിവര്‍ സംസാരിച്ചു.
അഭിനയത്തിന് 2013 ലെ ഡോ. അംബേദ്കര്‍ ദേശിയ അവാര്‍ഡ് നേടിയ ചങ്ങനാശ്ശേരി എന്എസ്എസ്സ്കൂളിലെകെ.എസ്. സഞ്ചയ്ലാല് അവതരിപ്പിച്ച മണ്ണും മനുഷ്യനും എന്ന ഏകാങ്കനാടകം പന്തലില്‍ അരങ്ങേറി. പെരുനാട് പഞ്ചായത്തിലെ സമരസമിതി പ്രവര്‍ത്തകരോടൊപ്പം കേരള കര്‍ഷകസംഘം ജില്ലാ കമ്മറ്റി, ബിജെപി ആറന്മുള മണ്ഡലം കമ്മറ്റി എന്നിവരും സത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: