ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയുടേയും മുരുകന്റേയും മകള്‍ ഹരിത്ര ശ്രീഹരന് രാഹുല്‍ ഗാന്ധിയോട് ക്ഷമ ചോദിച്ചു. എന്‍ഡിടിവിക്ക് നല്കിയ ഫോണ്‍ അഭിപ്രായത്തിലാണ് ഹരിത്രയുടെ ക്ഷമാപണം.
22 വയസുകാരിയായ ഹരിത്ര ഒമ്പതു വര്‍ഷമായി ബ്രിട്ടനിലാണ്. ‘എനിക്ക് ദുഖമുണ്ട്. ചെയ്ത തെറ്റില്‍ എന്റെ മാതാപിതാക്കളും ആവശ്യത്തിന് പശ്ചാത്തപിച്ചു കഴിഞ്ഞു. അവര്‍ മാപ്പര്‍ഹിക്കുന്നുണ്ട്.
നിങ്ങള്‍ സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുമ്പോഴുള്ള വേദന എനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്’- പരിത്ര പറഞ്ഞു. ‘താനും അതേ ശിക്ഷ തന്നെ അനുഭവിച്ചു കഴിഞ്ഞു.
മാതാപിതാക്കളുടെ കൂടെ നില്ക്കാന് തനിക്കും അവകാശമുണ്ട്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഒരിക്കല്‍ പോലും അവരെ ലഭിച്ചിട്ടില്ല. കുറ്റകൃത്യം നടത്തിയെങ്കിലും ആവശ്യത്തിന് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും ഹരിത അഭിപ്രായപ്പെട്ടു. മാതാപിതാക്കളെ വിട്ടയക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും തീരുമാനത്തിന് നന്ദി രേഖപ്പെടുത്തുന്നു.
ഒരിക്കല്‍ മാതാപിതാക്കള്‍ മോചിതരാകുമെന്ന് കരുതിയിരുന്നെന്നും അവര്‍ നിഷ്കളങ്കരാണെന്നും’ ഹരിത്ര കൂട്ടിച്ചേര്‍ത്തു.
വധശിക്ഷ വിധിക്കപ്പെട്ട മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെയായിരുന്നു ജയലളിത സര്‍ക്കാരിന്റെ തീരുമാനം.
പ്രതികളെ വെറുതെ വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ 2000ല്‍ സോണിയ ഗാന്ധി ഇടപെട്ട് ജീവപര്യന്തമായി കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: