കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സീസണ് ടിക്കറ്റ് നടപ്പാക്കാന്‍ നിര്‍ദ്ദേശം. റെയില്‍വേയുടെ ചുവടുപിടിച്ചാണ് പുതിയ പരിപാടി.
നഷ്ടത്തിലോടുന്ന കോര്‍പ്പറേഷനെ ലാഭകരമാക്കുന്നതിനായി സമര്‍പ്പിച്ച നവീകരണ പാക്കേജിലാണ് ഈ നിര്‍ദ്ദേശം. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഈ സംവിധാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. സീസണ് ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതെത്തുടര്‍ന്ന് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോട് ഡിപ്പോയില്‍ നടപ്പാക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അശാസ്ത്രീയത കൊണ്ടായിരുന്നു അത്. അതുകൊണ്ട് അപാകതകളെല്ലാം പരിഹരിച്ചായിരിക്കും ഇനി ഈ സംവിധാനം നടപ്പാക്കുക.
എല്ലാ സൂപ്പര്‍ക്ലാസ് ബസ്സുകളിലും അടിയന്തിരമായി ഓണ്‍ലൈന്‍ ടിക്കറ്റ് രജിസ്ട്രേഷന്സംവിധാനം ഏര്‍പ്പെടുത്തണമെന്നും പാക്കേജില്‍ പറയുന്നു.
കമ്പ്യൂട്ടര്‍വല്‍ക്കരണം അടുത്തമാസം 31നകം പൂര്‍ത്തിയാക്കണം. കോര്‍പ്പറേഷനിലെ മനുഷ്യവിഭവശേഷി വിനിയോഗം കാര്യക്ഷമമല്ല. എക്സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡിലെ അഞ്ചംഗങ്ങളില്‍ മൂന്ന് പേര് ബിരുദധാരികളല്ല. ഒരാള്‍ക്ക് എസ്എസ്എല്‍സി നിലവാരമേയുള്ളൂ. ഡിപ്പോകള്‍ ലാഭകേന്ദ്രങ്ങളാകണം. ചില ഡിടിഒ/എടിഒകള്ക്ക് ഭരണ പരിചയമോ,ബിസിനസ് വിവേകമോ ഇല്ല. ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചവരാണിവര്‍. കാര്യക്ഷമതയും മല്സരഗുണവുമുള്ള ഉദ്ദ്യോഗസ്ഥരുണ്ടാകണം. 17000 കോടി വരുമാനവും 27000 കോടി രൂപാ ചെലവുമുള്ള ഒരു വലിയ സ്ഥാപനമായിട്ടും കോര്പ്പറേഷന് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റില്ലാത്തത് ഗുരുതരമായ വിഷയമാണ്. രണ്ട് വീതം ചാര്‍ട്ടേര്‍ഡ് ആക്കൗണ്ടന്റുമാര്,ഓട്ടോമൊബെയില്‍ എഞ്ചിനീയര്‍മാര്‍,ഒരു ഐടി വിദഗ്ധന്‍ എന്നിവരെ ഇവിടെ സര്‍ക്കാര്‍ നിയമിക്കണം. ട്രെയിനിങ്ങ് ഡിവിഷന് തുടങ്ങണമെന്നും പാക്കേജില്‍ നിര്‍ദ്ദേശിക്കുന്നു.
നവീകരണ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗീകരിച്ച് (ജിഒ. (എംഎസ്). നമ്പര്‍:6/2014. ട്രാന്‍സ്പോര്‍ട്ട്. തീയ്യതി.1.2.2014) ഉത്തരവിറക്കിയിട്ടുണ്ട്.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: