ന്യൂദല്‍ഹി: സെക്രട്ടറി ജനറല്‍ ഷംഷീര്‍ കെ. ഷെരീഫിനെ കൈയ്യേറ്റം ചെയ്ത് തെലുങ്കുദേശം പാര്‍ട്ടി എം.പി സി.എം. രമേശ് രാജ്യസഭയ്ക്കും നാണക്കേടുണ്ടാക്കി. രാവിലെ തെലങ്കാന വിഷയത്തിലുണ്ടായ ബഹളത്തേ തുടര്‍ന്ന് പിരിഞ്ഞ സഭ 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍ ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ലോക്സഭയില്‍ നിന്നുള്ള സന്ദേശം വായിക്കാന്‍ സെക്രട്ടറി ജനറല്‍ ഷംഷീര്‍ കെ. ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. തെലങ്കാന ബില്ലിനെക്കുറിച്ച പരാമര്‍ശം കേട്ടയുടന്‍ ശരീഫില്‍ നിന്ന് സന്ദേശം ബലമായി പിടിച്ചുവാങ്ങാന്‍ നോക്കിയ തെലുങ്കുദേശം എം.പി സി.എം. രമേശ് മൈക്കിലിടിച്ച ശേഷം കൈയേറ്റത്തിനും മുതിര്‍ന്നു. കടലാസ് തട്ടിപ്പറിച്ച രമേശിനെ ഓടിയത്ത്യ സുരക്ഷാജീവനക്കാരാണ് പിന്തിരിപ്പിച്ചത്. രമേശിന്റെ നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച കുര്യന് സഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ രമേശിനെതിരെ അവകാശലംഘന നടപടിയിലേക്ക് കടക്കുകയാണെന്ന് കുര്യന് ആദ്യം പറഞ്ഞെങ്കിലും രമേശ് മാപ്പഭ്യര്ഥിച്ചതിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചു.
അതിനിടെ ലോക്സഭയില്‍ നിന്ന് രാജ്യസഭയില്‍ വന്ന് തെലങ്കാനക്കെതിരെ പ്രതിഷേധമുയര്‍ത്തിയ കേന്ദ്രമന്ത്രിയെ രാജ്യസഭയില്‍നിന്നും പുറത്താക്കി. ലോക്സഭാംഗമായ കേന്ദ്രമന്ത്രി കെ.എസ്. റാവു രാജ്യസഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ചതോടെ റാവുവിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. ഇതംഗീകരിച്ച പി.ജെ. കൂര്യന് റാവുവിനോട് സഭയുടെ പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ലോക്സഭാംഗമായ ഒരു മന്ത്രിക്ക് രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനും ചര്‍ച്ച കേള്‍ക്കുന്നതിനുമാണ് അധികാരമുള്ളത്. പുറത്തിറങ്ങാന്‍ മടിച്ചുനിന്ന റാവുവിനോട് സഭവിട്ടുപോകണമെന്ന് കുര്യന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. റാവുവിനെ ഒടുവില്‍ പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ലയും പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയും ചേര്‍ന്ന് സമ്മര്‍ദം ചെലുത്തി സഭക്ക് പുറത്തത്ത്ച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: