ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് അഭ്യര്‍ത്ഥിച്ചു. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കെജ്രിവാള് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്.
രാഷ്ട്രീയത്തില്‍ എഎപിയാണ് അവസാന പ്രതീക്ഷയെന്ന് വിഎസ് തിരിച്ചറിയണം. കേരളത്തില്‍ പാര്‍ട്ടിക്ക് ഇടമുണ്ടെന്ന് കെജ്രിവാള് പറഞ്ഞു. എന്നാല്‍ വി.എസിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് ഒരു മാധ്യമത്തിന്റെ മാത്രം താല്പര്യം മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കേജ്രിവാളിനെ കൊണ്ട് ആ മാധ്യമം പറയിക്കുകയായിരുന്നുവെന്നും കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഞാനൊരു എളിയ മനുഷ്യനാണെന്നു പറഞ്ഞാണ് കെജ്രിവാള് അഭിമുഖം തുടങ്ങിയത്. ആം ആദ്മി പാര്‍ട്ടി ഒരു ആശയമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനം സത്യസന്ധമല്ല. സാധാരണ ജനങ്ങളിലാണ് ഇനി പ്രതീക്ഷ. എല്ലാവരും ഈ സംവിധാനത്തിനെതിരെ ഒന്നിച്ചു ചേരേണ്ടതുണ്ട്. ദൈവകൃപ കൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ യോജിക്കുന്നു.
ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുകേഷ് അംബാനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ ഓഡിറ്റ് നടത്തി. രാഹുലും മോദിയുമല്ല, അംബാനിയാണു രാജ്യം ഭരിക്കുന്നതെന്നും കെജ്രിവാള് കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: