തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാര്‍ മന്ത്രി മാണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് നിവേദനം നല്കില്. റിപ്പോര്‍ട്ടിലെ ജനദ്രോഹ നടപടികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കെ.എം മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി വീരപ്പമൊയ്ലിയെ കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മാണി പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്.
രാവിലെ എട്ടുമണിക്ക് ക്ളിഫ് ഹൗസില്‍ എത്തിയാണ് മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ കണ്ടത്. പനിയായതിനാല്‍ സി.എഫ്. തോമസ് ഒഴികെയുള്ള എം.എല്‍.എമാര്‍ സംഘത്തിലുണ്ടായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക എത്രയുവേഗം പരിഹരിക്കണമെന്നതു കൂടാതെ നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കി അര്‍ഹതപ്പെട്ട മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു. പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച 123 വില്ലേജുകളുടെ കാര്യത്തില്‍ ഭേദഗതി വരുത്തണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും മാണി വിഭാഗം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് വേണമെന്നും കെ.എം. മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രണ്ട് സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും പരിഗണിക്കണമെന്നുമാണ് മാണി പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന കാര്യത്തില്‍ പോസിറ്റീവായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിവേദക സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം ബോധ്യപ്പെടുത്താമെന്നും മുഖ്യമന്ത്രി സമ്മതിച്ചു.
ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രി കെ.സി. ജോസഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേണ്ടിവന്നാല്‍ താന്‍ തന്നെ ദല്‍ഹിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രണ്ട് സീറ്റ് വേണമെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം മുഖ്യമന്ത്രി പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: