ന്യൂയോര്‍ക്ക്: സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട തനിക്കെതിരായ കേസ് തള്ളണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ യുഎസ് കോടതി നിരസിച്ചു. സിഖ് കൂട്ടക്കൊലയില്‍ ഏര്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ സഹായിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ‘സിഖ് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.
ഈ സംഘടന തനിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കാട്ടി പരാതി പിന്‍വലിക്കണമെന്ന സോണിയയുടെ ആവശ്യം ന്യൂയോര്‍ക്കിലെ കോടതി ജഡ്ജ് ബ്രയാന്‍ കോഗന് ആണ് നിരസിച്ചത്. ഫെബ്രുവരി പതിനാറിനായിരുന്നു കോടതി നടപടി.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധി ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ സിഖ് കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത് വിവാദമാവുകയുണ്ടായി. എന്നിട്ടും സോണിയക്കെതിരായ യുഎസ് കോടതി നടപടി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരായ അമേരിക്കയുടെ വിസ വിലക്ക് വന്‍ വാര്‍ത്തയാക്കാറുള്ള മാധ്യമങ്ങള്‍ സോണിയക്ക് തിരിച്ചടി ഉണ്ടായ സംഭവത്തിനു നേര്‍ക്ക് ബോധപൂര്‍വം കണ്ണടക്കുകയായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
സിഖ്ഫോര്‍ ജസ്റ്റിസ് തെറ്റായ പരാതി നല്‍കിയിട്ടുള്ളത് ഖേദകരമാണെന്നും അതിനാലാണ് അത് തള്ളണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതെന്നും സോണിയയുടെ അഭിഭാഷകന് രവി ബത്ര പറഞ്ഞു. എന്നാല്‍ എതിര് കക്ഷിയായ സോണിയയ്ക്ക് 2013 സെപ്തബര്‍ ഒമ്പതിന് അവര്‍ ചികിത്സക്കായി എത്തിയ ന്യൂയോര്‍ക്കിലെ കാന്‍സര്‍ ആശുപത്രിയില്‍ വച്ച് കോടതിയുടെ സമന്‍സ് നല്‍കിയതാണെന്നും വിചാരണയുമായി മുന്നോട്ടുപോകുമെന്നും സിഖ് സംഘടനയുടെ നിയമോപദേശകനായ ഗുര്‍പത്വന്ത് സിംഗ് പന്നുന്‍ പറഞ്ഞു.
കൂട്ടക്കൊലക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ഭാരതസര്‍ക്കാര്‍ നിയമനടപടികള്‍ എടുക്കുന്നില്ലെന്ന് 2011 ല്‍ ഒരു മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് ഗവണ്മെന്റിനുള്ള പങ്കാളിത്തത്തെക്കുറിച്ചും സിഖുകാരോട് സര്‍ക്കാരിനുള്ള വിരോധത്തെക്കുറിച്ചും അമേരിക്കക്ക് ബോധ്യമുള്ളതാണെന്ന് 2011 ല്‍ വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍നിന്ന് വ്യക്തമായിരുന്നു. സംഭവത്തെ ‘കൂട്ടക്കൊല’ എന്ന് വിശേഷിപ്പിക്കാന്‍ മടിച്ച അമേരിക്ക വലിയ മനുഷ്യാവകാശ ലംഘനമാണ് നടത്തിയിട്ടുള്ളതെന്ന് സമ്മതിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സോണിയക്കെതിരായ യുഎസ് കോടതി നടപടി രാഷ്ട്രീയ എതിരാളികള്‍ പ്രചാരണ വിഷയമാക്കുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. സിഖ് കൂട്ടക്കൊലയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധിയുടെ അഭിമുഖമാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: