തൃശൂര്‍: ലോക്കോ പെയിലറ്റ് വിശ്രമിച്ചതുകാരണം ഗുരുവായൂരില്നിന്നും തൃശൂര്‍ക്കു പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ 35 മിനിറ്റ് വൈകി. ദിവസവും രാവിലെ ഒമ്പതിനു പുറപ്പെടേണ്ട ട്രെയിന്‍ ഇന്നലെ 9.35 നാണ് പുറപ്പെട്ടത്. പുനലൂരില്‍ നിന്നും ഗുരുവായൂര്‍ക്ക് വരുന്ന ട്രെയിനിലെ ലോക്കോ പെയിലറ്റ് തന്നെയാണ് പാസഞ്ചറിലെയും ലോക്കോ പെയിലറ്റ്. പുനലൂര്‍ ട്രെയിന്‍ ഇന്നലെ പുലര്‍ച്ചെ വൈകിയാണ് ഗുരുവായൂരിലെത്തിയത്.
ഇതിനാല്‍ വിശ്രമ സമയം കുറവായ ലോക്കോ പെയിലറ്റ് അതുശ്രദ്ധിക്കാതെ വിശ്രമിച്ചതിനാലാണ് ട്രെയിന്‍ വൈകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
പാസഞ്ചറില്‍ തൃശൂരില്‍ ജോലിക്ക് എത്തേണ്ടവരും, വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ളവരാണ് ട്രെയിന്‍ വൈകിയതുമൂലം ബുദ്ധിമുട്ടിലായത്. ബസ് യാത്ര ഉപേക്ഷിച്ചു ട്രെയിനില്‍ കയറിയവരും, ഗുരുവായൂരില്നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞു തൃശൂരിലെത്തി ദൂരദിക്കിലേക്കുള്ള ട്രെയിനിനെ ആശ്രയിക്കുന്നവരും ഇതുമൂലം ദുരിതത്തിലായി. യാത്രക്കാരിലാരും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: