കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും പാര്‍ട്ടിയുടെ വിജയത്തിനു കാരണം ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും കെ.സുധാകരന് എംപി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രത്യേക യോഗത്തില്‍ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പില്ലെന്നും ഒറ്റ ഗ്രൂപ്പായി പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതു തള്ളിയാണ് ഗ്രൂപ്പ് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന പ്രസ്താവനയുമായി ഇന്നലെ സുധാകരന് രംഗത്തെത്തിയത്.
എല്ലാ നേതാക്കള്‍ക്കൊപ്പവും ആരാധകരുണ്ടാവും. ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് പാര്‍ട്ടിയെ വിജയിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനു കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.എം. സുധീരനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സുധാകരന് കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുണ്ട്. നേതാക്കന്മാര്ക്ക് ആരാധകവൃന്ദമുണ്ടാകുന്നത് നല്ല കാര്യമാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നല്ലതാണ്. നേതാക്കള്‍ക്കു ചുറ്റുമുള്ള ആരാധക വ്യന്ദമാണ് ഗ്രൂപ്പുകള്‍. ഗ്രൂപ്പ് ഉള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും.സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെ അവഹേളിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ന്യായീകരിച്ച പിണറായി മ്ലേച്ചനാണെന്നും കെ.സുധാകരന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: