കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാന നിയമസഭ 2001 ല്‍ ഐകകണ്ഠ്യേന അംഗീകരിച്ച ബില്ലിനു അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നത് കൊക്ക കോളയുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ആക്ഷേപവുമുയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്രത്തിന് സമര്‍പ്പിച്ച ബില്ലില്‍ നടപടിയെടുക്കേണ്ടതിനു പകരം കോളക്കമ്പനിയുടെ അഭിപ്രായം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നാണ് പരാതി.
നഷ്ട പരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അവകാശമില്ലെന്നും കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ പരിധിയിലാണ് കോളക്കമ്പനിക്കെതിരായ കേസ് പരിഗണിക്കേണ്ടതെന്നും ഉള്ള വിചിത്രമായ വാദമാണ് കോളക്കമ്പനി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്. പ്രഥമ ദൃഷ്ട്യാ തള്ളിക്കളയേണ്ട ഈ വാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും കോളക്കമ്പനി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ അതേപടി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇത് ബില്‍ അട്ടിമറിക്കാനാമെന്ന ആശങ്കയാണുയര്‍ത്തുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിംഗും ഉള്‍പ്പെടെയുളളവര്‍ കോളക്കമ്പനിയില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയതായും വ്യക്തമായിരുന്നു. വി.എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തിയതും ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതും. ഈ സമയത്തൊന്നും കോളക്കമ്പനിയുടെ പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല. പിന്നീട് എതിര്‍വാദവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതിലും ദുരൂഹതയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് തങ്ങള്‍ക്കനുകൂലമായ നിലപാട് ഉണ്ടാകുമെന്ന ഉറപ്പിലായിരുന്നു ഇത്.
ട്രൈബ്യൂണല്‍ നിയമമായാല്‍ കോളക്കമ്പനി 216.25 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഫെഡറല്‍ നിയമത്തിനു കീഴില്‍ വരുന്ന ട്രൈബ്യൂണല്‍ ബില്ലിനെ കേന്ദ്രം എതിര്‍ക്കുന്നത് ഭരണഘടനാ പ്രതിസന്ധിക്ക് വഴിവെക്കുമെന്നും ആശങ്കയുണ്ട്. കേന്ദ്രം ബില്‍ തടഞ്ഞുവെച്ച സാഹചര്യത്തില്‍ കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനു മടിച്ചുനില്‍ക്കുകയാണ്.
സംസ്ഥാന നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചതിനാല്‍ ഇനി പിന്നോട്ടു പോകാനും സര്‍ക്കാരിന് കഴിയില്ല. അതിനിടെ നഷ്ടപരിഹാര ട്രൈബ്യൂണല്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്ലാച്ചിമടയില്‍ ആരംഭിച്ച നിരാഹാര സമരം 14 ദിവസം പിന്നിട്ടു കഴിഞ്ഞു. പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ കെ.വി. ബിജുവാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: