ന്യൂദല്‍ഹി: വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം തള്ളിക്കളഞ്ഞ് ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്.ഗവര്‍ണ്ണര്‍ ശുപാര്‍ശ നല്കി. നിയമസഭ മരവിപ്പിച്ചു നിര്‍ത്തുന്നതുള്‍പ്പെടെ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ്ങ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ അടുത്ത ആറുമാസത്തിനകം ദല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. രാജിവെച്ചൊഴിഞ്ഞ മുഖ്യമന്ത്രിയുടെ ആവശ്യം ഉടനെതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു. എന്നാല്‍ ലഫ്. ഗവര്‍ണ്ണര്‍ ഇതു തള്ളിക്കളഞ്ഞ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയതോടെ നിയമസഭാ തെരഞ്ഞെടുപ്പ് നീളാനാണ് സാധ്യത. വരുന്ന പൊതു തെരഞ്ഞെടുപ്പിനൊപ്പം ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണ്. ആഗസ്ത് അവസാനവാരം വരെ രാഷ്ട്രപതി ഭരണത്തിന് കാലാവധിയുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രാജിവെച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടാണ് ലഫ്.ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരിന് ഇന്നലെ സമര്‍പ്പിച്ചത്. നിയമസഭയില്‍ അംഗങ്ങളുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ലെന്ന വിവരവും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് സുസജ്ജമാണെന്നും പ്രതിപക്ഷ നേതാവ് ഡോ.ഹര്ഷവര്ദ്ധന് വ്യക്തമാക്കി.
അതിനിടെ രാജിവയ്ക്കാന്‍ ഒരു മാസം മുമ്പുതന്നെ കെജ്രിവാളും കൂട്ടരും തീരുമാനിച്ചിരുന്നെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജി തീരുമാനം നേരത്തെ തന്നെ സ്വീകരിച്ചത്. എന്നാല്‍ ജനലോക്പാല്‍ ബില്ലിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണ് രാജി വൈകിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളുള്‍പ്പെടെ ആംആദ്മി നേതാക്കള്‍ മത്സരിക്കുമെന്ന് ഇന്നലെ നടന്ന എഎപി നേതൃയോഗം വ്യക്തമാക്കി. പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനം കേജ്രിവാള് ഒഴിവാക്കിയിരുന്നു.
കേജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും മറ്റു മാര്ഗ്ഗങ്ങളില്ലാതിരുന്നതാണ് രാജിക്കു കാരണമായതെന്ന് ബിജെപി പ്രതികരിച്ചു. അവരുടെ പൊള്ളത്തരം പുറത്തുവന്നിരിക്കുന്നതായി ബിജെപി നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായതോടെ രാജിയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് ഷീലാദീക്ഷിതും പ്രതികരിച്ചു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: