പനാജി: തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരായ ബലാല്‍സംഗക്കേസിലെ കുറ്റപത്രം ഗോവ പോലീസ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പനാജി പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനുജ പ്രഭുദേശായിക്കു മുന്നിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസെടുത്ത് 90 ദിവസം പൂര്‍ത്തിയാകും മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനാല്‍ പ്രതിക്ക് ഉടന്‍തന്നെ വിചാരണ നടപടികള്‍ നേരിടേണ്ടിവരും. കുറ്റപത്ര സമര്‍പ്പണം വൈകിയാല്‍ അതിന്റെ പേരില്‍ ജാമ്യത്തിലിറങ്ങാനായിരുന്നു തേജ്പാലിന്റെ ശ്രമം.
2013 നവംബറില്‍ ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയായ വനിതാ മാധ്യമപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് തെഹല്‍ക സ്ഥാപക പത്രാധിപര്‍ കൂടിയായ തരുണ്‍ തേജ്പാലിനെതിരെ കുറ്റപത്രം തയ്യാറാകുന്നത്. പീഡനത്തിനിരയായ യുവതി പോലീസില്‍ പരാതി നല്‍കിയതോടെ നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാകുന്നത്. തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവന്‍ കോടതി തള്ളിക്കളഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തോളമായി സദയിലെ സബ്ജയിലിലാണ് തേജ്പാല്‍.
ലൈംഗികാതിക്രമണം,ശാരീരികാക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 354 എ, 376(ബലാല്‍സംഗം), 341,342(അന്യായമായി തടവില്‍ വെയ്ക്കല്‍), എന്നിവയ്ക്കു പുറമേ ഔദ്യോഗിക അധികാരമുപയോഗിച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് 376(2)കെ പ്രകാരവും തേജ്പാലിനെതിരെ കേസെടുത്തിരുന്നു.
പീഡനത്തിനിരയായ യുവതിയേയും ഹോട്ടല്‍ ജീവനക്കാരേയും മറ്റു നിരവധി ആളുകളേയും കേസില്‍ സാക്ഷി ചേര്‍ത്ത് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. തെഹല്‍ക്ക മാനേജിംഗ് എഡിറ്ററും കേസ് മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനു വിമര്‍ശന വിധേയയുമായ ഷോമ ചൗധരി, പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തുകൂടിയായ തേജ്പാലിന്റെ മകള്‍ എന്നിവരുടെയെല്ലാം മൊഴി പോലീസ് സംഘം ശേഖരിച്ചിരുന്നു. പെണ്‍കുട്ടിക്കെതിരെ തെറ്റു ചെയ്തെന്നും അതില്‍ മാപ്പു ചോദിക്കുകയാണെന്നുമുള്ള തരുണിന്റെ ഇ മെയില്‍ സന്ദേശം തന്നെയാണ് കേസിലെ ഏറ്റവും വലിയ തെളിവായി മാറിയിട്ടുള്ളത്.
സഹപ്രവര്‍ത്തകയായ വനിതാ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് തെഹല്‍ക്കയില്‍ നിന്നും ആറുമാസത്തെ അവധി പ്രഖ്യാപിച്ച് കേസില്‍ രക്ഷപ്പെടാനായിരുന്നു തരുണ്‍ തേജ്പാലിന്റെ ആദ്യ ശ്രമം. മാനഭയത്താല്‍ സംഭവം മറച്ചു വെച്ചെങ്കിലും വീണ്ടും എസ്എംഎസിലൂടെ ഭീഷണിയും അശ്ലീല സന്ദേശങ്ങളും അയച്ചതോടെ പെണ്‍കുട്ടി മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്കു പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അന്വേഷണ കമ്മറ്റി പോലും വയ്ക്കാതെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായും മുഖ്യപത്രാധിപര്‍ തരുണ്‍ ആറുമാസത്തേക്ക് മാറിനില്‍ക്കുമെന്നും തെഹല്‍ക്ക മാനേജ്മെന്റ് പ്രഖ്യാപിച്ചത് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: