നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഇന്നലെയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ കൊല്ലപ്പെട്ട രാധയുടെ മൊബെയില്‍ സിം കാര്‍ഡ് പെരിന്തല്‍മണ്ണ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും പോലീസ് കണ്ടെത്തു. മൊബെയില്‍ ഫോണിന്റെ വിവിധ ഭാഗങ്ങള്‍ ഇന്നലെ നിലമ്പൂരിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പും അന്വേഷണവും നടന്നത്. മൊബെയില്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ച് ഇന്നലെയും ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു.
നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ വീട് മന്ത്രി ആര്യാടന് മുഹമ്മദ് ഇന്നലെ സന്ദര്‍ശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം രാധയുടെ വീട്ടിലെത്തിയത്. കേസില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു പുറമേ ആര്യാടന് ഷൗക്കത്തിന്റെ ഓഫീസിലും രാധ ജോലി ചെയ്തിരുന്നു. രാധ ജോലി ചെയ്തിരുന്ന ഓഫീസിലുള്ള എല്ലാവരെയും ചോദ്യം ചെയ്യണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാധയുടെ സഹോദരന് ഭാസ്കരന് ആവശ്യപ്പെട്ടു.
രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രി ആര്യാടന് മുഹമ്മദിന് നേരെ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥസൃഷ്ടിച്ചു. കരിങ്കൊടികാണിച്ചവരില് ഉള്‍പ്പെട്ട പി. വത്സ, സുനന്ദ എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഇവരെ പിന്നീട് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കോവിലകത്തുമുറി സുരേഷ്, മേലേക്കളം വിജയനാരായണന്‍ എന്നിവരെ സിപിമ്മുകാര്‍ അക്രമിച്ചു. ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഷാകുലരായ സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രി ലാബിലെ ഉപകരണങ്ങള്‍ നശിപ്പിച്ചു. ഇതുസംബന്ധിച്ച് കണ്ടാലറിയുന്ന ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
സംഘര്‍ഷം കനത്തതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥല ത്തെത്തി പ്രവര്‍ത്തകരെ നീക്കി. കൊലപാതകത്തില്‍ ദുരൂഹതയു ണ്ടെന്നും മന്ത്രിയുടെ മകന് ആര്യാടന് ഷൗക്കത്തിനും പങ്കുണ്ടെ ന്നും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കണമെന്നും പ്രവര് ത്തകര് പറഞ്ഞു.
രാധ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു. സോളാര്‍ക്കേസിലെ പ്രതി സരിത എസ് നായരും ഷൗക്കത്തിന്റെ ഓഫിസുമായി ബന്ധപ്പെട്ട് ഡി.വൈ. എഫ്.ഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.
ജനാധിപത്യ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യ പ്പെട്ട് നടത്തിയ നിലമ്പൂര്‍ പോലീസ് സ്റ്റേഷന് ഉപരോധ സമരം ഉന്നത പോലീസ് അധികാരികളുടെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: