കോഴിക്കോട്: ഇരുപത്തിനാലാമത് ഭീമാ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ പഴയങ്ങാടി എരിപുരം സ്വദേശിയും വേങ്ങര പ്രിയദര്‍ശിനി സ്കൂള്‍ അദ്ധ്യാപികയുമായ ഡോ. പി. കെ. ഭാഗ്യലക്ഷ്മിയുടെ “ടിക്കുറോ” എന്ന പാരിസ്ഥിതിക നോവലിനാണ് കെ. ഭീമഭട്ടര്‍ സ്മാരക പുരസ്കാരം ലഭിച്ചത്. 70000 രൂപയുടെ ക്യാഷ് അവാര്‍ഡ് അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച ബാലസാഹിത്യ കവര്‍ ചിത്രരചനക്കുള്ള വനജഭീമഭട്ടര് സ്മാരക പുരസ്കാരം കെ.ടി. മാത്യുവിന്റെ മന്ത്രകിണ്ണം എന്ന പുസ്തകത്തിന്റെ കവര്‍ രചന നിര്‍വഹിച്ച നോര്‍ത്ത് പറവൂര്‍ കാര്‍ട്ടൂണിസ്റ്റ് ശിവന് അര്‍ഹനായി. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മികച്ച കൃതിക്കുള്ള സ്വാതികിരണ്‍ സ്മാരക പുരസ്കാരം വടകര മേമുണ്ട കീര്‍ത്തനത്തില്‍ എസ്. കൃഷ്ണകീര്‍ത്തനയുടെ “പാതിയടഞ്ഞ കണ്ണുകള്‍”അര്‍ഹമായി. ഇവര്‍ക്ക് 10000 രൂപ വീതമുള്ള ക്യാഷ് അവാര്‍ഡ് നല്‍കും. ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമെ കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശംസാപത്രവും നല്‍കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുരസ്കാരങ്ങള്‍ മാര്‍ച്ച് രണ്ടിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ബി. ഗിരിരാജന്‍, രവി പാലത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: