കൊച്ചി: ഉപസംവരണം ഇല്ലാത്ത മറ്റ് പിന്നോക്ക ഹിന്ദുസമുദായങ്ങള്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ 18 ശതമാനം അധികമായി മാറ്റിവയ്ക്കണമെന്ന് വിവിധ മറ്റ് പിന്നോക്ക ഹിന്ദുസമുദായങ്ങളുടെ നേതൃയോഗം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിലും ഉദ്യോഗനിയമനങ്ങളിലും ഇന്നോളം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുള്ളവരാണ് 68 ഓളം ജാതികള്‍ വരുന്ന മറ്റ് പിന്നോക്ക ഹിന്ദു ന്യൂനപക്ഷങ്ങള്‍.
മറ്റ് പിന്നോക്ക ഹിന്ദു ന്യൂനപക്ഷ സമുദായങ്ങള്‍ വിശാലഹിന്ദു ഐക്യത്തിന് ശ്രമിക്കുമ്പോള്‍ സകല സൗകര്യങ്ങളും വച്ചനുഭവിക്കുന്ന സംഘടിത സമ്പന്ന ഹിന്ദു സമുദായങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതെ വിഘടിച്ച് നില്‍ക്കുന്നതിനെ യോഗം നിശിതമായി വിമര്‍ശിച്ചു.
സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസിലെ കരട് പട്ടികയുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ഗ്രാമസഭാ നടപടികള്‍ പ്രഹസനമാകരുതെന്നും മറ്റ് പിന്നോക്ക ഹിന്ദുവിനെ സംബന്ധിച്ച് ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം സര്‍ക്കാര്‍ പരിഗണിച്ച് പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും എംപ്ലോയ്മെന്റ് നിയമനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 72,000 കോടി ചെലവ് കാണുന്ന ബജറ്റില്‍ മറ്റ് പിന്നോക്കത്തിനും കൂടി ഉപയോഗിക്കാവുന്നത് ഫലത്തില്‍ കേവലം 42 കോടി മാത്രമാണെന്നും വിദ്യാഭ്യാസ പ്രോത്സാഹനത്തിനുപോലും പദ്ധതികള്‍ കണ്ടിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.
കേരള ഗണകസമുദായ സഭ സംസ്ഥാന പ്രസിഡന്റ് പി.ബി. കരുണദാസിന്റെ അധ്യക്ഷതയില്‍ എറണാകുളം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എന്‍. മോഹനന് പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
കേരള ഗണകസമുദായസഭ, വൈശ്യസമാജം, വാദ്ധ്യായര്‍ മഹാസഭ, ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി, ശൈവ വെള്ളാള സര്‍വീസ് സൊസൈറ്റി, അഖിലേന്ത്യാ പണ്ഡിതര്‍ വിളക്കിത്തലനായര്‍ മരുത്വര് മഹാജനസഭ, മുഖാരിയേലിയാസ് മുവരി സമുദായസഭ, പത്മശാലിയസംഘം, പടയാട്ടിസംഘം എന്നീ സംഘടനകളെ ഉള്‍പ്പെടുത്തി ‘മറ്റ് പിന്നോക്ക ഹിന്ദു ന്യൂനപക്ഷ സമിതി’ക്ക് രൂപം നല്‍കുകയും കോര്‍ഡിനേറ്ററായി ഒ.എന്‍. മോഹനനെ ചുമതലപ്പെടുത്തി.
സംഘടനാ നേതാക്കളായ സി.ടി. മുരളീധരന്, പി.എന്‍. കൃഷ്ണന്, എം.ജി. വേണുഗോപാല്‍, തലയാര്‍ രാമകൃഷ്ണന്, വി. ജയനാരായണന്‍, ആശിഷ്മോന് പി.ജി, പി.ജി. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: