കോട്ടയം: രംഗവേദിക്ക് സ്ത്രീപക്ഷ നാടകാനുഭവങ്ങളുടെ വ്യത്യസ്ത ഭാഷ്യമേകി ദേശീയ നാടകോത്സത്തിന്റെ രണ്ടാംനാള്‍. ദ്രൗപതിയുടെ വസ്ത്രാപഹരണം മുതല്‍ ഡല്‍ഹി മാനഭംഗം വരെ നീളുന്ന നൂറ്റാണ്ടുകളുടെ മഹാ മൗനത്തിന്റെ കഥയാണ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബംഗാളിനാടകം ‘ഊരുഭംഗം’വരച്ചിട്ടത്.
മഹാഭാരതത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനമായിരുന്നു കൊല്‍ക്കത്ത കസ്ബ അര്‍ഘ്യ അവതരിപ്പിച്ചത്. ഊരുഭംഗം എന്നത് ദുര്യോധനന്റെ തുട തകര്‍ക്കപ്പെടുന്നത് മാത്രമല്ല, അധികാരഘടനയുടെ തകര്ച്ചകൂടിയാണന്ന് നാടകം വ്യാഖ്യനിക്കുന്നു. മനീഷ് മിത്രയാണ് നാടകത്തിന്റെ രചനയും സാക്ഷാല്‍ക്കാരവും നിര്‍വഹിച്ചത്.
മൂന്നു സ്ത്രീകളുടെ മരണത്തെ ആധാരമാക്കി അവരുടെ മാനസിക സഞ്ചാരങ്ങളാണ് തിരുവനന്തപുരം നിരീക്ഷ അവതരിപ്പിച്ച പുനര്‍ജനി ദൃശ്യവത്കരിച്ചത്. പുരുഷാധിപത്യ അധികാരഘടന തീര്‍ക്കുന്ന അനേകം കുരുക്കുകളില്‍പ്പെട്ട് മരിച്ചു ജീവിക്കുന്ന സ്ത്രീകളുടെ കഥകൂടിയായി മാറുകയാണ് നാടകം. രാജരാജേശ്വരി രചനയും സി.വി. സുധ സംവിധാനവും നിര്‍വഹിച്ച പുനര്‍ജനി സ്ത്രീപക്ഷ നാടകപരീക്ഷണത്തിന്റെ പുതിയ ഭാവപ്രപഞ്ചമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
ഇന്നലെ രാവിലെ ഡി.സി ബുക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ മറാത്തി സംവിധായകന് നിപുന്‍ ധര്‍മാധികാരി, പുനര്‍ജനിയുടെ സംവിധായക സി.വി.സുധി, നാടക രചയിതാവ് രാജരാജേശ്വരി എന്നിവര്‍ പങ്കെടുത്തു.
ഡോ. രാജാ വാര്യര്‍ മോഡറേറ്ററായിരുന്നു. പി.ആര്.ഡി ഡയറക്ടര്‍ മിനി ആന്റണി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് സമകാലിന നാടകത്തില്‍ നാട്യശാസത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ.കെ.ജി. പൗലോസ്, ഡോ. പി.എസ്.രാധാകൃഷ്ണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: