കൊച്ചി: എസ്.ഐ നിയമനത്തിനുള്ള പിഎസ്സി പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ഹൈക്കോടതിയില്‍ ഡിജിപിയുടെ സത്യവാങ്മൂലം. പിഎസ്സിക്കെതിരെ അന്വേഷണം വേണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ജനറല്‍ കാറ്റഗറി എസ്.ഐമാരുടെ റാങ്ക് പട്ടിക തയാറാക്കിയതിലും കായികക്ഷമതാ പരീക്ഷ നടത്തിയതിലും ക്രമക്കേട് നടന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ഉദ്യോഗാര്‍ത്ഥി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഡി.ജി.പി സത്യവാങ്മൂലം നല്‍കിയത്.
പിഎസ്സി റാങ്ക് ലിസ്റ്റ് തയാറാക്കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ നടത്തണമെന്നാണ് ഡിജിപിയുടെ ആവശ്യം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2013 നവംബര്‍ 23ന് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ഡിജിപി സത്യവാങ്മൂലത്തില്‍ പറയുന്നു.
റാങ്ക് പട്ടികയ്ക്കെതിരെ പരാതി ഉയര്‍ന്നിട്ടും പുനഃപരിശോധനയ്ക്ക് പിഎസ്സി ഇതുവരെയും തയാറായിട്ടില്ല. നിയമന നടപടികളുമായി ആഭ്യന്തര വകുപ്പും പിഎസ്സിയും മുന്നോട്ട് പോകുന്നതിനിടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: