ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രാഭ്യര്ത്ഥന ട്രിബ്യൂണല്‍ തള്ളി.
കൂടിയാലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും ധാരാളം സമയം അനുവദിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണം ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന് സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 24 പരിഗണിക്കും. റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ അതിനകം കേന്ദ്രസര്‍ക്കാരും തീരുമാനം അറിയിക്കണം. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പരിസ്ഥിതി ലോല മേഖലകള്‍ പ്രഖ്യാപിച്ചതില്‍ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ലഭിച്ചശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കൂ എന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ വാദം ട്രിബ്യൂണല്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: