സ്വപ്നങ്ങള്‍ കാണുകയും അതില്‍ നിറങ്ങള്‍ വാരിപ്പൂശി ചലച്ചിത്ര ലോകത്തിന് സമ്മാനിക്കുകയും ചെയ്ത മഹാനായ കലാകാരനായിരുന്നു ബാലുമഹേന്ദ്രയെന്ന് പ്രശസ്ത ചലച്ചിത്രപ്രവര്ത്തകന് ജോണ്‍പോള്‍ പറഞ്ഞു. ഒരേ ഒരു ബാലുവേയുള്ളൂ, ഒരേ ഒരു ജോണ്പോളേ ഉള്ളൂ, അതുകൊണ്ടു തന്നെ ദു:ഖവുമുണ്ട്.
സിനിമയോട് നൂറു ശതമാനവും പ്രണയമായിരുന്നു ബാലുവിന്. ഭരതന് ആദ്യം സംവിധാനം ചെയ്ത ‘പ്രയാണം’ എന്ന സിനിമയില്‍ ബാലുമഹേന്ദ്രയായിരുന്നു ഛായഗ്രാഹകന്‍. അന്നാണ് താന്‍ ബാലുവിനെ പരിചയപ്പെടുന്നത്. സമാന്തര സിനിമ ഉയിരെടുക്കുന്ന ആ കാലഘട്ടത്തില്‍ തമിഴ് സിനിമാ രംഗത്തു നിന്നും ഉയര്‍ന്നുവന്ന കലാകാരനായിരുന്നു ബാലു. നമ്മുടേതായ ചലച്ചിത്രങ്ങള്‍ അനുവര്ത്തിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അന്ന് ബാലുവിനെപ്പോലുള്ള, ഭരതനെപ്പോലുള്ള ആളുകള്‍ തീരുമാനിക്കുകയായിരുന്നു. താനും അന്നതില്‍ പങ്കാളിയായിരുന്നു. അന്നുമുതല്‍ ഇങ്ങോട്ട് ആ പ്രയാണം തുടര്‍ന്നു പോന്നു എന്നതാണ് സത്യം.
ജോണ്‍പോള്‍ തിരക്കഥ എഴുതിയ ‘യാത്ര’ എന്ന സിനിമയാണ് മറ്റൊരാളുടെ തിരക്കഥയില്‍ ബാലുമഹേന്ദ്ര ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്ന ശീലം മാറ്റി മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുവാന്‍ ബാലു തീരുമാനിക്കുകയായിരുന്നു. തന്നോടുള്ള സൗഹൃദവും, ദൃശ്യങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അദ്ദേഹത്തെ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പച്ചതെന്ന് ജോണ്‍പോള്‍ ഓര്‍മ്മിക്കുന്നു. എവിടെ സൗന്ദര്യം ഉണ്ടോ അവിടെ ബാലു എന്ന കലാകാരനും ഉണ്ടായിരുന്നു, സ്ത്രീ, പൂവ്, നിഴല്‍ എന്നുവേണ്ട എന്തിലും സൗന്ദര്യം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
നാം കാണുന്ന പൂക്കളും, കായ്കളുമൊക്കെയാണ് ബാലു പകര്‍ത്തിയിരുന്നത്. എന്നാല്‍ മറ്റൊരും കാണാത്ത അതിസൂഷ്മമായ ദൃശ്യങ്ങള്‍ ബാലുവിന്റെ സിനിമകളിലുണ്ടായിരുന്നു. യാഥാര്‍ത്ഥ്യത്തെ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. സൃഷ്ടി മുഹൂര്‍ത്തത്തില്‍ തന്നെ ഉണ്ടാകുന്ന സൗന്ദര്യത്തെ ഒപ്പിയെടുക്കുകയായിരുന്നു ആ കലാകാരന്. വലിയ സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണെങ്കിലും അത് മറ്റുള്ളവരോട് പ്രകടിപ്പിച്ചിരുന്നില്ല. വിചിത്രമായ പല തമാശകളും പങ്കുവെക്കുന്ന സൗഹൃദമായിരുന്നു ബാലുവിന്റേത്. നിറങ്ങളോടുള്ള അഭിനിവേശമാണ് ചലച്ചിത്രമേഖലയിലേക്ക് ബാലുമഹേന്ദ്രയെ എത്തിച്ചതെന്നും ജോണ്‍പോള്‍ പറയുന്നു. വൈരൂപ്യത്തിന്റെ യാഥാര്‍ത്ഥ്യം അവതരിപ്പിക്കുമ്പോള്‍ പോലും അതില്‍ സൗന്ദര്യം കണ്ടെത്തിയിരുന്നു.
കുടുംബ ബന്ധത്തിലുണ്ടായ വിള്ളലുകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഭാര്യ അഖിലയ്ക്കും മകനും അവകാശപ്പെട്ടത് മറ്റാര്‍ക്കും പകര്‍ന്ന് നല്‍കിയിട്ടില്ലെന്ന് ജോണ്‍ പോള്‍ പറയുന്നു. ശോഭയ്ക്കാണ് കണക്ക് തെറ്റിയതെന്നാണ് തന്റെ അഭിപ്രായം. വായിച്ചും കണ്ടും കേട്ടും അറിഞ്ഞതാണ് ഇതൊക്കെ. ശോഭയ്ക്കൊപ്പം താമസിക്കുമ്പോഴും വൈകുന്നേരങ്ങളില്‍ സ്വന്തം വീട്ടില്‍ പോയിരുന്ന ബാലുവിനെ തനിക്കറിയാം. ഇന്നത്തെ സദാചാര ചിന്താഗതി ആയിരുന്നില്ല അന്ന്. ബാലുവിന്റെ ജീവിതത്തിലെ പങ്കാളിയായിരുന്നില്ല ശോഭ, സ്വപ്നത്തിലെ പങ്കാളിയായിരുന്നു….
മലയാളത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ബാലു മഹേന്ദ്ര എന്ന ചലച്ചിത്രകാരന് യാത്രയാകുന്നത്. തന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലു പറഞ്ഞിരുന്നുവെന്നും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ പിന്നീട് ആ ചര്‍ച്ചകള്‍ നിന്നുപോയതാണെന്നും ജോണ്‍ പോള്‍ ഓര്‍മ്മിക്കുന്നു. മലയാളത്തിന്റെ അതുല്യ നടന് മോഹന്‍ലാല്‍ ആണെന്നും അവസാന കൂടിക്കാഴ്ചയില്‍ ബാലു തന്നോട് പങ്കുവെച്ചിരുന്നു. സ്വന്തം സൃഷ്ടികളില്‍ നിറങ്ങള്‍ വാരിപ്പൂശുമ്പോഴും ഉള്ളില്‍ നന്മകളുള്ള കലാകാരനായിരുന്നു ബാലു മഹേന്ദ്രയെന്നും ജോണ്‍ പോള്‍ പറഞ്ഞു.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: