കോഴിക്കോട്: ക്ലാര്‍ക്കുമാരെ നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് കാണിച്ച് ഗ്രാമ പഞ്ചായത്തുകളിലെ എഞ്ചിനീയര്‍മാര്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്കി. സെക്രട്ടറി മുഖേന ഭരണ സമിതിക്കാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്.
അടുത്ത വര്‍ഷത്തേക്കുള്ള വികസന പദ്ധതി എസ്റ്റിമേറ്റ് പ്രവര്‍ത്തനവും ഈ വര്‍ഷത്തെ ചെലവ് സംബന്ധിച്ച ബില്ലുകളും തയ്യാറാക്കുന്ന ഘട്ടത്തില്‍ ക്ലാര്‍ക്കുമാര്‍ ഇല്ലാതായത് പ്രവര്‍ത്തനത്തെ തളര്‍ത്തും. ഇത് പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് ആവശ്യമായ ക്ലാര്‍ക്കുമാരെ നല്‍കണമെന്നും കത്തില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനിയര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
ക്ലാര്‍ക്കുമാരുടെ അഭാവത്തില്‍ സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ഇപ്പോള്‍ പദ്ധതി പ്രവര്‍ത്തനം തളര്‍ന്നിരിക്കുകയാണ്. ഇവിടങ്ങളിലെ 178 ക്ലാര്‍ക്കുമാരടക്കം 236 ജീവനക്കാരെ മാതൃവകുപ്പായ പൊതുമരാമത്ത്, ജലവിഭവം എന്നിവിടങ്ങളിലേക്ക് മാറ്റിയാതാണ് ഈ സാഹചര്യമുണ്ടാക്കിയത്. ഈ നടപടിയെ തിരുത്തി പുതിയ ഉത്തരവ് ഇറങ്ങിയെങ്കിലും അത് വൈകിയതുകാരണം ഗുണഫലമുണ്ടായില്ല. തിരുത്തല്‍ ഉത്തരവ് ഇറങ്ങും മുമ്പു തന്നെ എണ്‍പത് ശതമാനം ജീവനക്കാരും മാതൃ വകുപ്പിലേക്കു മാറിയിരുന്നു. ഇവര്‍ക്ക് പകരം ക്ലാര്‍ക്കുമാരെ പി.എസ്.സി, ഡെപ്യൂട്ടേഷന് വഴി നിയമിക്കുമെന്ന് മേലധികാരികള്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അത്തരം നടപടിയുണ്ടായില്ല.
ഗ്രാമ പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിലവിലുള്ള മുന്നൂറോളം മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ പരിമിതമാണ്. ഭാരിച്ച ജോലിഭാരമുള്ള ഇവിടെ രണ്ടായിരം ക്ലാര്ക്കുമാരെങ്കിലും വേണം. ഈ വിഭാഗത്തിന് ഒരു ക്ലാര്‍ക്കിനെ നല്കുമെന്നുള്ള വാഗ്ദാനവും പാലിക്കപ്പെട്ടില്ല. സംസ്ഥാനത്തെ നാല്‍പ്പതു ശതമാനം പഞ്ചായത്തുകളിലെ എന്‍ജിനിയറിംഗ് വിഭാഗത്തിനും സ്വന്തമായി ക്ലാര്‍ക്കില്ല. പകരം പഞ്ചായത്തുകളിലെ ക്ലാര്‍ക്കുമാരെ താല്‍ക്കാലികമായി വിട്ടുനല്‍കുകയാണ് പതിവ്.
എം. കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: