നൂറ് കണക്കിന് ശത്രുകീടങ്ങള്ക്കെതിരെയും ഭക്ഷ്യവിളകളെ നശിപ്പിക്കുന്ന ഫംഗസ്സുകള്ക്കുമെതിരെ പ്രയോഗിച്ചു വന്ന വേപ്പിന്സത്തിന്റെ കഥയും മറിച്ചല്ല.
ജലദോഷവും പനിയും മലേറിയയും മുതല്‍ ത്വക്ക് രോഗത്തിനും മെനിഞ്ചൈറ്റിസിനും വരെ നാം വേപ്പിന്‍സത്ത് ആയുധമാക്കിയിരുന്നു. അഞ്ചുപൈസ ചിലവില്ലാതെ ചികില്‍സിക്കാന്‍ പറ്റിയ മരുന്ന്. അങ്ങനെയിരിക്കെയാണ് അമേരിക്കയിലെ ഡബ്ല്യൂ.ആര്ഗ്രേസ് കമ്പനിയും കൂട്ടരും ചേര്‍ന്ന് യൂറോപ്യന്‍ പേറ്റന്റ് ഓഫീസില്‍ നിന്ന് വേപ്പിന്സത്തിന്റെബൗദ്ധികസ്വത്തവകാശം നേടിയെടുക്കുന്നത്. 1994ല്‍ ഫംഗസുകളെ നിയന്ത്രിക്കാനുളള ജൈവസൂത്രംവേപ്പിന്സത്തില് നിന്ന് വികസിപ്പിച്ചെടുത്തതിനായിരുന്നത്രെ, ആ പേറ്റന്റ്. പ്രതിഷേധവും പരാതിയുംതെളിവുകളുമൊക്കെ ശക്തമായതോടെ ആറ്വര്ഷത്തിന് ശേഷം ആ പേറ്റന്റ് പിന്‍വലിക്കാന്‍ പേറ്റനൃ ഓഫീസ് നിര്‍ബന്ധിതരായി.
ഈ രണ്ടുസംഭവങ്ങളിലും ഔഷധവീര്യത്തിന്റെ അവകാശം കുത്തകകള്‍ കൈവശപ്പെടുത്തുകയായിരുന്നു എങ്കില്‍, സസ്യത്തിന്റെയും വിളയുടെയും അവകാശം തന്നെ കൈവശപ്പെടുത്താനുളള ശ്രമമാണ് ബസുമതി അരിയുടെ കാര്യത്തില്‍ സംഭവിച്ചത്. ‘റൈസ്ടെക് ഇന്‍കോര്‍പറേറ്റഡ്’എന്ന കമ്പനിയു.കെട്രേഡ് മാര്‍ക്ക് രജിസ്ട്രാറില്‍ നിന്നാണ് നമ്മുടെ പരമ്പരാഗത സവിശേഷ അരിയായ ബസുമതിയുടെ പേറ്റന്റ് സംഘടിപ്പിച്ചെടുത്തത് 1997-ല്‍,’ടെക്സ്മതി’എന്ന് പേരില്‍. അതിശക്തമായ പ്രതിഷേധത്തില്‍ അവര്‍ക്കും പിന്തിരിയേണ്ടിവന്നു. ഈ സംഭവത്തിലും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഗവേഷണാലയങ്ങളും അതിശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. പക്ഷേ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയില്‍ പോലും നാമറിയാതെ ഒട്ടേറെ പേറ്റനൃ ഇത്തരം ഷൈലോക്കുമാരുടെ ചാക്കില്‍ അകപ്പെട്ടു കഴിഞ്ഞിരുന്നു.
ഇതിലൊക്കെ രസകരമാണ് ആഫ്രിക്കയിലെ ആദിവാസികളായ സാന്‍ വര്‍ഗ്ഗക്കാര്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഹൂഡിയ ചെടിയുടെ കഥ. നാളുകള്‍ നീണ്ട മരുയാത്രകളില്‍ വിശപ്പും ദാഹവും അകറ്റാനാണ് അവര്‍ ഹൂഡിയ എന്ന കളളിച്ചെടി ഉപയോഗിച്ചത്. കാലഹാരി മരുഭൂമിയോട് ചേര്‍ന്ന് കഴിയുന്ന ആദിവാസികള്‍ അതിന്റെ തണ്ട് വെളളരിക്ക (കുക്കുംബര്‍) പോലെ ചവച്ചിറക്കുകയാണ് പതിവ്. പക്ഷേ 1995ല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഹൂഡിയായുടെ ജൈവഘടകത്തിന് (പി-57) ദക്ഷിണാഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഒരു പേറ്റന്റ് സംഘടിപ്പിച്ചു. വിശപ്പ് അകറ്റാനും പൊണ്ണത്തടി കുറക്കാനുമുളള മരുന്നിനുളള ഒരു പേറ്റന്റ്. അവരത് ബ്രിട്ടീഷ ്ബയോടെക് കമ്പനിയായ ‘ഫൈറ്റോഫാമി’ന് കൈമാറി. 1998-ല്‍ ആഗോള കുത്തകയായ ഫൈസര്‍ 32 ദശലക്ഷം ഡോളറിന് ആ പേറ്റന്റ് മറിച്ചു വാങ്ങി. അപ്പോഴാണ്, ദരിദ്രരായ പാവം ആദിവാസികള്‍ തങ്ങളുടെ അറിവ് കൈമോശം വന്നതറിയുന്നത്. അവര്‍ ദക്ഷിണാഫ്രിക്കന്‍ സി.എസ്.ഐ.ആറിന് എതിരെ നിയമ നടപടി സ്വീകരിച്ചു. നാട്ടറിവിന്റെ ശരിയായ ഉടമകളെ തഴഞ്ഞുവെന്നും അവരുടെ അനുമതി വാങ്ങിയില്ലെന്നും അവരുടെ സമൂഹത്തിന് ഈ ഇടപാടില്‍ ഒന്നും ലഭിച്ചില്ലെന്നും സി.എസ്.ഐ.ആറിന്റെ ഈപ്രവര്‍ത്തി ബയോഡൈവേഴ്സിറ്റി കണ്വെന്ഷന് വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. ആഗോള കുത്തകകള്‍ സഹസ്രകോടി ഡോളറുകള്‍ക്ക് ആ മരുന്ന് സത്ത് വില്‍ക്കാനൊരുങ്ങുമ്പോള്‍ യഥാര്‍ത്ഥ ഉടമകളായ സാന്‍ വര്‍ഗ്ഗക്കാര്‍ ആദിവാസി ഭൂമിയില്‍ നിന്നും നൂറുകണക്കിന് കിലോമീറ്റര്‍ അകലെ ടെന്റ്കെട്ടിയ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയായിരുന്നുവെന്നറിയുക. കേസ് മുന്നോട്ടു പോയി. ഒടുവില്മദ്ധ്യസ്ഥ ചര്‍ച്ചകളായി. അങ്ങിനെ മാര്‍ച്ച് 2002-ല്‍ തീരുമാനം വന്നു. മരുന്നിന്റെ ഭാവിയിലെ വരുമാനത്തിന്റെ നിശ്ചിത ഭാഗം നാട്ടറിവിന്റെ അവകാശികളായ സാന്‍ വര്‍ഗ്ഗക്കാര്‍ക്ക് കൈമാറ്റം ചെയ്യും. പക്ഷേ രണ്ടാം തവണയും മൂന്നാമതും പേറ്റന്റ് കൈമാറ്റം നടത്തിയ ഫൈറ്റോഫാമും ഫൈസറും ആ ചുമതലയില്‍ നിന്നൊഴിഞ്ഞു. ഫൈസറില്‍ നിന്ന് ഫൈറ്റോഫാമിന ്ലഭിക്കുന്ന റോയല്‍റ്റിയുടെ പത്ത് ശതമാനംദക്ഷിണാഫ്രിക്കന് സി.എസ്.ഐ.ആറിനു നല്‍കും. അവര്‍ അതില്‍ ഒരു വിഹിതം ആദിവാസികള്‍ക്കും. ആഗോള വിപണിയുടെയും റോയല്‍റ്റിയുടെയും കണക്കു പുസ്തകത്തില്‍ അത് തീരെ ചെറിയ തുകയാണെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ അവകാശത്തെകുറിച്ച് ഗൗരവതരമായ ചര്ച്ചകളാണതുയര്ത്തി വിട്ടത്.
ജൈവ കൊളള ഇന്ന് ഒരു ലോകവ്യാപക പ്രശ്നമാണ്. ലോകമെമ്പാടുമുളള ജൈവസമ്പന്നമായ രാജ്യങ്ങള്‍ അതിന്റെ ഭീഷണിയിലാണ്. അത്തരം രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സമസ്തജൈവസ്വത്തുക്കളും കണ്ണിലെണ്ണയൊഴിച്ച് കാത്ത്സൂക്ഷിക്കുക ഏറെ ശ്രമകരമാണ്. തങ്ങളുടെ അത്തരം അറിവുകള്‍ ശേഖരിച്ച് തരംതിരിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. നമ്മുടെ’ട്രഡീഷണല്‍ നോളഡ്ജ് ഡിജിറ്റല്‍ ലൈബ്രറി’രൂപപ്പെട്ടത് അങ്ങനെയത്രെ. ജൈവവൈവിധ്യ രജിസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കും അതില്‍ വലിയൊരു പങ്കുണ്ട്. അറിവില്‍ വരുന്ന അമൂല്യ സസ്യങ്ങളുടെ ഔഷധമൂല്യം വേര്‍തിരിച്ച് വിപണിയിലെത്തിക്കാനുളള ശ്രമവും അത്യാവശ്യമാണ്. അല്ലാത്തപക്ഷം സാങ്കേതിക വിദ്യയില്‍ കേമന്മാരായ രാജ്യങ്ങള്‍ നാട്ടുമരുന്നുകളിലെ ക്രിയാത്മക തന്മാത്രകള് കണ്ടെത്തി വേര്‍തിരിച്ച് വിറ്റ് കാശാക്കും. അറിവിനുടമകളായസമൂഹങ്ങള്ക്ക് അവിടെ യാതൊന്നും ലഭിക്കുകയുമില്ല. 1993 ലെ ജൈവവൈവിധ്യ കരാര്‍ (സി.ബി.ഡി)പരമ്പരാഗത ജൈവസ്വത്തിലുളള പ്രാദേശിക സമൂഹത്തിന്റെ അവകാശം ഊന്നിപ്പറയുന്നുണ്ട്. അത്തരംഅറിവുകള് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന് സമൂഹത്തിന്റെ അനുവാദം വാങ്ങണമെന്നും ലാഭം അവരുമായി പങ്കിടണമെന്നും വ്യവസ്ഥയുമുണ്ട്. പക്ഷേ അതിന്റെ ചുവടുപിടിച്ച് നിയമം കൊണ്ടുവരുന്നതില്‍ പല രാജ്യങ്ങളും ശുഷ്കാന്തി കാണിക്കാറില്ല. പതിവിന്‍പടി ഈ കരാറിന് അംഗീകാരം നല്‍കാത്ത ഒരേയൊരു വന്‍കിട രാജ്യം അമേരിക്കയാണെന്നു കൂടി അറിഞ്ഞിരിക്കുക.
പാവങ്ങളുടെ പൈതൃകം പറ്റിച്ചെടുക്കുന്ന പേറ്റന്റ് വേട്ടക്ക് കടിഞ്ഞാണിടാന്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടത്. കാണി സമൂഹം കണ്ടെത്തിയ ‘ആരോഗ്യപച്ച’ എന്ന അമൂല്യ മരുന്ന് വിപണിയിലെത്തിച്ച് ആ സമൂഹത്തിന് അര്‍ഹമായ വിഹിതം നേടിക്കൊടുത്തതു പോലെ. പക്ഷേ ദരിദ്ര രാജ്യങ്ങളിലെനാടോടി സമൂഹങ്ങള്‍ക്ക് ആഗോള കമ്പോളക്രമത്തിന്റെ കാപട്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ആര് മുന്നോട്ടുവരും? ഇതാണ് ഉത്തരം കിട്ടാത്തചോദ്യം.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: