കൊച്ചി: വിശാല കൊച്ചി വികസന അതോറിട്ടിക്ക് 205.96 കോടി രൂപ വരവും 197.85 കോടി രൂപ ചെലവും 8.11 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റിന് ഭരണസമതിയുടെ അംഗീകാരം. ചെയര്മാന് എന്‍.വേണുഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ നിലവില്‍ നടത്തിവരുന്ന 29 പദ്ധതികള്‍ക്കു പുറമെ പുതുതായി 14 പദ്ധതികള്‍ കൂടി അടുത്ത സാമ്പത്തികവര്‍ഷം നടപ്പാക്കും. റയില്യാത്രക്കാര്ക്കായി സ്പെഷല്‍ റസിഡന്‍ഷ്യല്‍ സെന്റര്‍, കൊച്ചിന് സ്കൂള്‍ ഓഫ് പ്ലാനിങ്, ടണല്‍ മറൈന്‍ അക്വേറിയം, മേനകയില്‍ സ്കൈവാക്ക് എന്നിവയാണ് പ്രധാന പദ്ധതികള്‍.
റയില്യാത്രക്കാരുടെ സേവനത്തിനായി സൗത്ത് റയില്‍വെ സ്റ്റേഷന്റെ കിഴക്കേകവാടത്തിലുള്ള ജി.സി.ഡി.എ. സ്ഥലത്ത് സ്പെഷല്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് നിര്‍മിക്കും. 60 സെന്റ് സ്ഥലത്ത് യാത്രക്കാരുടെ താമസ സൗകര്യാര്‍ത്ഥം നിര്‍മിക്കുന്ന പ്രത്യേക പാര്‍പ്പിട പദ്ധതിയില്‍ 100 മുറികളാണ് വിഭാവന ചെയ്തിട്ടുള്ളത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 5000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുളള പാര്‍പ്പിട സമുച്ചയമാണ് നിര്‍മ്മിക്കുക. അഞ്ചുകോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളത്. കേരളത്തില്‍ നഗരാസൂത്രണത്തില്‍ വൈദഗ്ധ്യമുളളവര്‍ വളരെ കുറവാണെന്നത് കണക്കിലെടുത്തും നഗരാസൂത്രണം എന്ന പഠന ശാഖ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും, യൂണിവേഴ്സിറ്റികളിലും നിലവില്‍ ഇല്ലാത്തതിനാലുമാണ് കൊച്ചിയില്‍ സ്കൂള്‍ ഓഫ് പ്ലാനിങ് തുടങ്ങുന്നത്. ചെന്നൈ, മൈസൂര്‍, അമൃതസര്‍, ഡല്‍ഹി, റൂര്‍ക്കി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിന്റെ ഒരു കോഴ്സ് ഉളളത്. നഗരാസൂത്രണത്തില്‍ വൈദഗ്ധ്യമുളളവരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജിസിഡിഎ-യില്‍ നിലവിലുളള അടിസ്ഥാന സൗകര്യങ്ങളും, ഈ മേഖലയിലുളള വൈദഗ്ധ്യവും പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി നഗരാസൂത്രണത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നല്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്. പ്രാരംഭ ചെലവുകള്‍ക്കായി 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുണ്ട്.
കൊച്ചി മറൈന്‍ ഡ്രൈവിനെ ഒരു വിനോദ മേഖല ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ടണല്‍ മറൈന്‍ അക്വേറിയം പദ്ധതി. ഹൈക്കോടതി സമുച്ചയത്തിന് പുറകുവശം ടാറ്റാ കനാലിനോടു ചേര്‍ന്ന് ജിസിഡിഎ ഉടമസ്ഥതയിലുളള 1.2 ഏക്കര്‍ സ്ഥലത്താണ് ഇത്. സമുദ്രാന്തര്‍ ഭാഗത്തെ ജൈവ വൈവിധ്യങ്ങള്‍ അതിന്റെ തനിമ ഒട്ടും ചോരാതെ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണുവാന്‍ ഉളള ഒരു അവസരമായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.
ഇതില്‍ 7 ഡി തീയേറ്റര്‍, റെസ്റ്റോറന്റ, വിവിധ രൂപത്തിലുളള അക്വേറിയങ്ങള്‍, ഗവേഷണ കേന്ദ്രം, പെന്ഗ്വിന് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ എന്നീ സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താന്‍ ലക്ഷ്യമിട്ടിട്ടുളള ഈ പദ്ധതി ജിസിഡിഎ-യില്‍ വാര്‍ഷിക പാട്ട സംഖ്യ അടച്ച് പ്രവര്‍ത്തിപ്പിച്ച് 25 വര്‍ഷത്തിനു ശേഷം തിരികെ അതോറിറ്റിയെ ഏല്‍പ്പിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുളളത്. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി. ഈ പദ്ധതിക്ക് 85 കോടി രൂപയുടെ ചെലവ് വരുമെന്നാണ് പ്രതീക്ഷ.
മേനകയില്‍ നിര്‍മിക്കുന്ന സ്കൈവാക്കാണ് മറ്റൊരു പ്രധാന പദ്ധതി. കാല്‍നടക്കാരുടെ സാന്ദ്രത ഏറ്റവും കൂടുതലുളള മേനക പരിസരത്ത് ജിസിഡിഎയുടെ മറൈന്‍ ഡ്രൈവ് വാണിജ്യ കേന്ദ്രത്തില്‍ നിന്നും ഷണ്മുഖം റോഡ് മുറിച്ച് കടന്ന് പെന്റാ മേനകാ ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സ്കൈ വാക്കിന്റെ രൂപകല്‍പ്പന. സ്കൈ വാക്കിന്റെ ഉപയോഗം ആയാസരഹിതമാക്കുവാന്‍ റോഡിന്റെ ഇരുവശങ്ങളിലും എസ്കലേറ്റര്‍ സ്ഥാപിക്കും. രണ്ട് കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
കടവന്ത്രയില്‍ ജുഡീഷ്യല്‍ ഓഫീസേഴ്സ് ഭവന പദ്ധതിക്കായി കലൂര്‍- കടവന്ത്ര റോഡിനു അഭിമുഖമായി ജിസിഡിഎ നല്കിയിട്ടുളള 1.85 ഏക്കര്‍ സ്ഥലം തിരിച്ചെടുക്കുന്നതിനും പകരം ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലം കടവന്ത്രയില്‍ തന്നെ ജഡ്ജിമാരുടെ താമസ സൗകര്യത്തിനായി നല്‍കുന്നതിനുമുളള നടപടി പുരോഗമിച്ചു വരുന്നു. ഈ സ്ഥലത്ത് താഴത്തെ രണ്ടു നിലയില്‍ വാണിജ്യ ആവശ്യത്തിനുളള നിര്‍മ്മാണവും അതിന് മുകളിലായി ഒരു ബഹുനില പാര്‍പ്പിട സമുച്ചയവും നിര്‍മ്മിക്കും. കെട്ടിടത്തിന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം അവിടെത്തന്നെ ഒരുക്കിക്കൊണ്ടായിരിക്കും നിര്‍മ്മാണം നടത്തുക. 10 കോടി രൂപ ബജറ്റില്‍ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
അംബേദ്കര്‍ സ്റ്റേഡിയം പുനരുദ്ധരിക്കുന്നതിനും സ്റ്റേഡിയത്തിലെ വാടകക്കാരായ കട ഉടമകളെ പുനരധിവസിപ്പിക്കുന്നതിനും കേരള ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സ്റ്റേഡിയം നവീകരിക്കുന്നതിന്റെയും ഭാഗമായി സ്റ്റേഡിയത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും ആവശ്യമായ സ്ഥലം കഴിച്ച് ബാക്കിയുള്ള 1.8 ഏക്കര്‍ സ്ഥലത്ത് വാണിജ്യസമുച്ചയം നിര്‍മിക്കും. അത്യാധുനിക സൗകര്യങ്ങളൊരുക്കി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ഈ വാണിജ്യ സമുച്ചയത്തിന്റെ വിസ്തീര്‍ണ്ണം രണ്ടുലക്ഷം ചതുരശ്ര അടി ആണ്.
കോട്ടുവളളി പഞ്ചായത്തില്‍ നിലവിലുളള ഒരു നില വാണിജ്യകേന്ദ്രത്തില്‍ രണ്ടു നില കൂടി കൂട്ടിച്ചേര്‍ത്ത് ഒരു കൊമേഴസ്യല്‍ കം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കും. നിലവിലുളള കെട്ടിടത്തിന്റെ അതേ മാതൃകയില്‍ പുതിയ വാണിജ്യകേന്ദ്രം നിര്‍മ്മിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് ജിസിഡിഎ പണിത് ഏതാനും കാലം ജിസിഡിഎ തന്നെ വാടക പിരിച്ച് ഒരു നിശ്ചിത കാലയളവിന് ശേഷം പഞ്ചായത്തിന് കൈമാറുന്ന തരത്തില്‍ നിര്‍മ്മാണം നടത്തുവാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. യോഗത്തില്‍ എം.എല്‍.എ.മാരായ ബെന്നി ബഹനാന്, ഡോമനിക് പ്രസന്റേഷന്, അന്‍വര്‍ സാദത്ത്, വി.പി.സജീന്ദ്രന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്പരീത്, ഭരണസമതിയംഗം അക്ബര്‍ ബാദുഷ, സെക്രട്ടറി ആര്.ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: