ആന്ധ്രപ്രദേശിനെ വിഭജിച്ച്, ഇന്ത്യയിലെ ഇരുപത്തിയൊമ്പതാമത്തെ സംസ്ഥാനം രൂപീകരിക്കാനായുള്ള തെലങ്കാന ബില്‍ സഭയില്‍ ചര്‍ച്ചചെയ്യാന്‍ പോലുമാകാത്ത വിധത്തിലുള്ള തെലങ്കാന എംപിമാരുടെ വ്യാഴാഴ്ചത്തെ പ്രകടനം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനെ ലോകത്തിന് മുന്നില്‍ അവഹേളിച്ചതിന് തുല്യമായി. ഇന്ത്യന്‍ പാര്‍ലമെന്റ് രൂപീകൃതമായശേഷം ആദ്യമായാണ് ലോക്സഭ ഈ വിധത്തില്‍ അപമാനിക്കപ്പെടുന്നത്. വ്യാഴാഴ്ച ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തെലങ്കാന ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ക്കും ബലപ്രയോഗങ്ങള്‍ക്കും വഴിവെക്കുകയും കുരുമുളക്-വാതക സ്പ്രേ ഉപയോഗത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചതും പാര്‍ലമെന്ററി സംവിധാനത്തിന് പോലും കളങ്കമായി. ബഹളത്തിനിടയില്‍ സ്പീക്കറുടെ മൈക്ക് തല്ലിത്തകര്‍ത്തതും തെലങ്കാനക്കാരുടെ തരംതാഴ്ന്ന പ്രക്ഷോഭപ്രകടനങ്ങളിലേക്ക് ലോകശ്രദ്ധ പോലും ക്ഷണിച്ചു. കുരുമുളക് സ്പ്രേ ഉപയോഗിച്ച എംപിയ്ക്ക് മര്‍ദ്ദനമേറ്റു. ഇതിനിടെ ഒരു ടിഡിപി എംപി കത്തിയെടുത്ത് വീശിയത് നാടകീയത വര്‍ധിപ്പിച്ചു. സീമാന്ധ്രയില്‍ നിന്നുള്ള ഒരു എംപി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച ലോക്സഭയില്‍ റെയില്‍വേ ബജറ്റ് അവതരണവേളയിലും തെലങ്കാന എംപിമാരുടെ ബഹളംമൂലം ബജറ്റ് അവതരണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നിരുന്നു.
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ സര്‍വ്വോന്നത സമിതിയായ പാര്‍ലമെന്റിനെ അപമാനിച്ചത് ഓരോ ഇന്ത്യക്കാരനെയും അപമാനിച്ചതിന് തുല്യമായി. തെലങ്കാന പ്രശ്നം ഇത്ര രൂക്ഷമായതും വഷളായതും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ അലംഭാവംമൂലംതന്നെയാണ്.
ഇപ്പോഴും തെലങ്കാന ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറായത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുതന്നെയാണ്. പക്ഷെ തെലങ്കാന വിഭജിച്ചാല്‍ സീമാന്ധ്രയില്‍നിന്നും ഒരു വോട്ട് പോലും യുപിഎക്ക് ലഭിക്കില്ല എന്ന ഭീഷണി നിലനില്ക്കുന്നു. പ്രധാനമന്ത്രി ഈ വിഷയം കൈകാര്യം ചെയ്ത രീതിയാണ് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. ബില്‍ കൊണ്ടുവന്നാല്‍ സഭക്കുള്ളില്‍ സ്വയം തീകൊളുത്തുമെന്ന് സീമാന്ധ്ര എംപിമാര്‍ ഭീഷണി മുഴക്കിയിരുന്നു.
തെലങ്കാന പ്രതിഷേധം നിരന്തരമായി സഭാനടപടികള്‍ തടസപ്പെടുത്തിയപ്പോള്‍ ആറ് എംപിമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രധാനമന്ത്രി ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതിയോട് സീമാന്ധ്ര എംപി പല്ലം രാജു പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. തെലങ്കാന പ്രശ്നം പ്രധാനമന്ത്രി അവഗണിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പക്ഷെ പാര്‍ലമെന്റ് അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത ഈ വിഷയം അജണ്ടക്ക് പുറത്തുള്ള ഇനമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ബിജെപി ഉപാധികളോടെ പിന്തുണ നല്‍കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഭരണടഘനാ ഭേദഗതി വേണ്ടാത്ത ബില്ലാണ് ഇത്. തെലങ്കാന വിഭജനം ആന്ധ്രാപ്രദേശ് ഏകകണ്ഠമായി ആവശ്യപ്പെടുന്ന വിഷയമല്ല. ആന്ധ്രാപ്രദേശ് വിഭജിച്ചാല്‍ നദികളും അണക്കെട്ടുകളും ഹൈദരാബാദ് മേഖലയില്‍ ആയിരിക്കുമെന്നും ഇത് ഭാവിയില്‍ ജലതര്‍ക്കത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. വിഷയത്തിന്റെ എല്ലാ തലങ്ങളിലും ചര്ച്ചാവിധേയമാക്കിയശേഷം എടുക്കേണ്ട തീരുമാനമാണ് വിഭജനം. ജലതര്‍ക്കം കേരളവും തമിഴ്നാടിനുമിടയില് കീറാമുട്ടിയായി നില്ക്കുന്നതുതന്നെ ഇതിനുദാഹരണമാണ്.
വിഷയം എത്ര ഗൗരവമേറിയതായാലും സീമാന്ധ്ര എംപിമാര്‍ അത് കൈകാര്യം ചെയ്ത രീതി അവരുടെ പ്രതിഛായയെ മാത്രമല്ല തകര്‍ത്തത്, പാര്‍ലമെന്റില്‍ യശസ്സിനെക്കൂടിയാണ്. ലോക്സഭയില്‍ കുരുമുളക് സ്പ്രേയും ഗ്യാസ് സ്പ്രേയും അടിയ്ക്കുക, അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അതുമൂലം ദേഹാസ്വാസ്ഥ്യം വന്ന് വൈദ്യസഹായം സ്വീകരിക്കേണ്ടിവരിക മുതലായത് ഒരു പരിഷ്കൃത രാജ്യത്തിന് ചേര്‍ന്ന പെരുമാറ്റരീതിയല്ല. ബിജെപി ഭരണത്തില്‍ മൂന്ന് പുതിയ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിച്ചത് യാതൊരു ബഹളവും പ്രക്ഷോഭവും കൂടാതെയാണ് എന്നത് വിരല്‍ചൂണ്ടുന്നത് ഈ വിഷയം കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടിലേക്കും ആന്ധ്രക്കാരുടെ അനിയന്ത്രിതവും വിവേകശൂന്യവുമായ വികാരവിക്ഷോഭത്തിലേക്കുമാണ്. പാര്‍ലമെന്റ് കയ്യാങ്കളികളിലേക്ക് തിരിഞ്ഞപ്പോള്‍ സ്പീക്കറുടെ മൈക്കും സെക്രട്ടറി ജനറലിന്റെ മൈക്കും തകര്‍ത്തു. ഇതെല്ലാം തികഞ്ഞ അരാജകത്വമാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പറയുകയും ചെയ്തു. അടിപിടിയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ രാജ് ബബ്ബറും അസറുദ്ദീനും ലാല്‍സിംഗും എല്ലാം ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രി രാജീവ് ശുക്ല പറയുന്നത് ഈ അരാജകത്വം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ്. പ്രക്ഷോഭം പാര്‍ലമെന്റിനുള്ളില്‍ ഒതുങ്ങാതെ പുറത്തും അരങ്ങേറിയപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ലോകത്തിന് മുന്നില്‍ അവഹേളിതയായി നില്ക്കേണ്ടിവന്നു എന്നത് ലജ്ജാകരംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: