നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്ഷന്. നിലമ്പൂര്‍ സിഐ എ.പി ചന്ദ്രനെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സസ്പെന്‍ഡ് ചെയ്തത്. രാധയുടെ ബന്ധുക്കളുടെ മൊഴി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ പരസ്യമായി ശേഖരിച്ചത് വിവാദമായിരുന്നു.
നേരത്തെ സ്ത്രീ കൊല്ലപ്പെടുന്നതിന് മുന്‍പായി ബലാത്സംഗം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തള്ളി, ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രസ്താവനയും വിവാദമായിരുന്നു. സിഐയുടെ പ്രവര്‍ത്തികള്‍ വിവാദത്തിലാകുകയും പോലീസിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
അതേസമയം കേസിലെ പ്രതികളായ ബിജു നായരെയും ഷംസുദ്ദിനെയും ചോദ്യം ചെയ്യാനായി പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടത്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ബിജു നായരുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണസംഘതലവന്‍ ഐ.ജി ഹേമചന്ദ്രന് കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും മൊഴി എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: