കൊച്ചി: വൈപ്പിനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ച ഓച്ചന്തുരുത്ത് ബോട്ട് യാര്‍ഡിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ മറ്റൊരു മത്സ്യബന്ധന ബോട്ടുകൂടി കത്തിനശിച്ചു. കന്യാകുമാരി വാണിയംകുളം സ്വദേശി വില്‍ഫ്രഡിന്റെ റൂബന്‍ എന്ന ബോട്ടാണ് കത്തിനശിച്ചത്. പുലര്‍ച്ചെ 2.30നാണ് സംഭവം.
മീന്‍പിടിത്തം കഴിഞ്ഞ് ബോട്ടുജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ബോട്ട് ഉടമ വില്‍ഫ്രഡും തൊഴിലാളികളായ രാജേന്ദ്രന്, വര്‍ഗീസ്, അല്‍ഫോണ്‍സ് എന്നിവര്‍ സമീപത്തുള്ള ഒരു കെട്ടിടത്തിലാണ് ഉറങ്ങുന്നത്. പുറത്ത് ശബ്ദംകേട്ട് ഇവര്‍ ഉണര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബോട്ട് ആളിക്കത്തുന്നത് കണ്ടത്. ഉടനെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചെങ്കിലും ബോട്ട് പൂര്‍ണ്ണമായി കത്തിയമര്‍ന്നിരുന്നു. ഇതിനിടെ ബോട്ടിന് തീവെച്ചശേഷം ആരോ ഓടിപ്പോകുന്നത് കണ്ടതായി ചിലര്‍ ഇവരെ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മത്സ്യബന്ധന ബോട്ടുകളാണ് ഇവിടെ കത്തിയമര്‍ന്നത്. ഇതില്‍ രണ്ട് ബോട്ടുകള്‍ കന്യാകുമാരി സ്വദേശികളുടേതാണ്. ഒരുകോടി രൂപയുടെ നഷ്ടമാണ് ബോട്ട് കത്തിയതില്‍ പോലീസ് കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ച് ഞാറക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: