ന്യൂദല്‍ഹി: സ്വകാര്യമേഖലക്കും വിദേശ കുത്തകകള്‍ക്കും രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനം കോണ്‍ഗ്രസ് സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുമ്പോള്‍ ഉയരുന്നത് ഗുരുതരമായ രാജ്യ സുരക്ഷാ പ്രശ്നങ്ങള്‍.
ചരക്കു തീവണ്ടികളുടെ നടത്തിപ്പുള്‍പ്പെടെ സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറുമെന്ന് ബജറ്റ് പറയുന്നു. സ്വകാര്യ ചരക്ക് ടെര്‍മിനലുകള്‍, ചരക്ക് ഇടനാഴികള്‍, വാഗണ്‍ പദ്ധതികള്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍, റെയില്‍ നിര്‍മ്മാണ യൂണിറ്റുകളിലെല്ലാം സ്വകാര്യ നിക്ഷേപം അനുവദിക്കുമെന്നാണ് പുതിയ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിനും റെയില്‍വേ സ്റ്റേഷനുകളോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന വിവിധോദ്ദേശ്യ കോംപ്ലക്സുകളിലും സ്വകാര്യമേഖലയ്ക്ക് അവസരം നല്‍കും. സ്വകാര്യ നിക്ഷേപകര്‍ക്കു ഒരു ആശങ്കയുമില്ലാതെ കടന്നു വരാനുള്ള പച്ചക്കൊടി വീശുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു റെയില്‍വേ അസ്ഥാനത്തു റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്രകുമാറിന്റെ വിശദീകരണങ്ങള്‍.
ഇന്ത്യന്‍ റെയില്‍വേയിലെ വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന കൃത്യമായ സന്ദേശവും ബജറ്റിലുണ്ട്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ റെയില്‍വേയ്ക്ക് സജ്ജമാക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ റെയില്‍ പദ്ധതികളില്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
കൂടാതെ റെയില്‍വേയുടെ കൈവശമുള്ള ഭൂമിയുടെ കൈമാറ്റങ്ങള്‍ക്കായി രൂപീകരിച്ച റെയില്‍ ലാന്റ് ഡവലപ്മെന്റ് അതോറ്റി 2013-14 വര്‍ഷത്തേക്ക് ലക്ഷ്യമിട്ട 1000 കോടിയില്‍ 937 കോടി രൂപയും സമാഹരിക്കാനായെന്നും റെയില്‍വേ മന്ത്രി അഭിമാനത്തോടെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചെലവുകുറഞ്ഞ യാത്രാമാര്‍ഗ്ഗമെന്ന പദവി എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് റെയില്‍ താരിഫ് അതോറിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനം. റെയില്‍ വേയുടെ യാത്രാ-ചരക്ക് നിരക്കുകള്‍ നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനും സര്‍ക്കാരിനു നിര്‍ദ്ദേശം നല്കുന്ന സ്വതന്ത്ര സമിതിയായാണ് റെയില്‍ താരിഫ് അതോറിറ്റി പ്രവര്‍ത്തിക്കുക. ഇന്ധന വില വര്‍ദ്ധനവിന് അനുസൃതമായി നിരക്കു വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്ക് ഇനി സര്‍ക്കാര്‍ ഉത്തരവുകളോ ബജറ്റ് നിര്‍ദ്ദേശങ്ങളോ ആവശ്യമുണ്ടാകില്ല. പഴയ റെയില്‍വേ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സമിതിക്ക് എപ്പോള്‍ വേണമെങ്കിലും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേയ്ക്ക് അനുമതി നല്‍കാം.
പുതിയ പ്രീമിയം ട്രെയിനുകളും റെയില്‍വേയുടെ ജനവിരുദ്ധ മുഖം വ്യക്തമാക്കുന്നതാണ്. തിരക്കേറിയ റൂട്ടുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പ്രീമിയം ട്രെയിനുകളിലെ ടിക്കറ്റ് നിരക്കും വര്‍ദ്ധിക്കും. രാജ്യത്തെ ജനത്തിരക്കേറിയ 17 റൂട്ടുകളിലാണ് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജധാനിയുടെ തല്‍ക്കാല്‍ നിരക്കിനേക്കാള്‍ കൂടിയ നിരക്കാണ് പ്രീമിയം ട്രെയിനുകളില്‍. വിമാനക്കമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന്റെ അതേ മാതൃകയിലാണ് പുതിയ പരീക്ഷണം ഇന്ത്യന്‍ റെയില്‍വേയും നടപ്പാക്കുന്നത്. തിരക്കേറിയ റൂട്ടുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന വിമാനനിരക്കിനേക്കാള്‍ പ്രീമിയം ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: