മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ 3-0ന് വിജയിച്ച റയല്‍ രണ്ടാം പാദത്തില്‍ 2-0ന്റെ വിജയം കരസ്ഥമാക്കി. ഇതോടെ ഇരുപാദങ്ങളിലുമായി 5-0ന്റെ വിജയവുമായാണ് റയല്‍ മാഡ്രിഡ് കലാശക്കളിക്ക് യോഗ്യത നേടിയത്.
ഇന്നലെ പുലര്‍ച്ച അവസാനിച്ച മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്. രണ്ടും പെനാല്‍റ്റിയിലൂടെ. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് റയല്‍ ഫൈനലിലേക്ക് കുതിച്ചത്. 1916ന് ശേഷം ആദ്യമായാണ് ഒരു ടീം ഒരു ഗോള്‍ പോലും വഴങ്ങാതെ കിംഗ്സ് കപ്പിന്റെ ഫൈനലിലെത്തുന്നത്. ഡീഗോ കോസ്റ്റ, ഡേവിഡ് വിയ്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അഭാവവും സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റികോക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് റയല്‍ മാഡ്രിഡ് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയത്. റൊണാള്‍ഡോയെ ബോക്സിനുള്ളില്‍ ജാവി മാന്ക്വില്ലൊ വീഴ്ത്തിയതിനാണ് പെനാല്‍റ്റി കിക്ക് അനുവദിച്ചത്. കിക്കെടുത്ത റൊണാള്‍ഡോ പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു. പതിനാലാം മിനിറ്റില്‍ വീണ്ടും റയലിന് പെനാല്‍റ്റി ലഭിച്ചു. ഗരെത്ത് ബെയ്ലിനെ അത്ലറ്റികോയുടെ ഇന്‍സുവ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഇത്തവണയും കിക്കെടുത്ത സൂപ്പര്‍താരം ക്രിസ്റ്റ്യാനോ പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു. ഈ സീസണില്‍ ക്രിസ്റ്റ്യാനോയുടെ 34-ാം ഗോളായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: