ആറന്മുള: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും അടുത്ത് ക്ഷേത്രങ്ങള്‍ ഉണ്ടെന്നുള്ള കെജിഎസ് ഗ്രൂപ്പിന്റെ പ്രസ്താവന പച്ചക്കള്ളവും തെറ്റിദ്ധാരണാജനകവുമാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന് പ്രസ്താവിച്ചു.
തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും 32 കി.മി അകലെ റേണിഗുണ്ടയിലാണ് തിരുപ്പതി വിമാനത്താവളം. തിരുവനന്തപുരം വിമാനത്താവളം നിര്‍മ്മിച്ചതിനുശേഷമാണ് വികസനാര്‍ത്ഥം ശംഖുമുഖം ക്ഷേത്രത്തിന് സമീപമുള്ള സ്ഥലങ്ങള്‍ അക്വയര്‍ ചെയ്തത്. തന്മൂലം ക്ഷേത്രവികസനം നടത്താനോ സദ്യാലയം പണിയുവാനോ ഇപ്പോള്‍ കഴിയുന്നില്ല. 150 വര്‍ഷം പഴക്കമുള്ളതോ 30 മീറ്റര്‍ ഉയരം വരുന്ന കൊടിമരമുള്ളതോ ആയ ഒരു ദേശക്ഷേത്രത്തിന്റെ സമീപത്ത് ഒരിടത്തും ഭാരതത്തില്‍ വിമാനത്താവളമില്ല.
പുരാവസ്തു പ്രധാന്യമുള്ള ഒരു സ്ഥാപനത്തിന്റെയും 15 കി.മീറ്ററിനുള്ളില്‍ നിയമപ്രകാരം വിമാനത്താവളം പണിയുവാന്‍ സാധ്യമല്ല. 10 കി.മി പോലും ദൂരമില്ലാത്ത ശാസ്താംകുളങ്ങര ക്ഷേത്രവും കവിയൂര്‍ ഗുഹാ ക്ഷേത്രവും പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പുരാവസ്തുസങ്കേതങ്ങളാണ്. ആറന്മുള ക്ഷേത്രം 52 കരകളിലായി അധിവസിക്കുന്ന ജനങ്ങളുടെ ആചാരനുഷ്ഠാനങ്ങളും വിശ്വാസ സങ്കല്‍പ്പങ്ങളും ഇഴചേര്‍ന്ന സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്രബിന്ദുകൂടിയാണ്. കാവല്മലകളും പുത്തിരികണ്ടവും കാവുകളും അടങ്ങിയ ദേശക്ഷേത്രമാണ് ആറന്മുളയിലേത്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് ആറന്മുളയെ മറ്റു വിമാനത്താവളങ്ങളോട് കെജിഎസ് ഗ്രൂപ്പ് താരതമ്യം ചെയ്യുന്നത്.
പദ്ധതി പ്രദേശത്തിന് സമീപം ക്ഷേത്രം ഇല്ലെന്ന് തെറ്റായ വിവരം നല്കി അനുമതി നേടിയ കെജിഎസ് ഇപ്പോള്‍ എയര്‍പോര്‍ട്ടുകളുടെ അടുത്തെല്ലാം ക്ഷേത്രമുണ്ടെന്ന്പറയുന്നത് ചെയ്ത തെറ്റിനെ വെള്ളപൂശാനാണ്. അഡ്വക്കേറ്റ് കമ്മീഷണര്‍ക്കെതിരെ പ്രതികരിച്ച കെജിഎസ് ഗ്രൂപ്പ് കോടതിയില്‍ പറയേണ്ടകാര്യം അവിടെ പറയാതെ പുറത്ത് പത്രപ്രസ്താവന വഴി വിശദീകരിക്കുന്നത് കോടതിയലക്ഷ്യമാണ്.
ആറന്മുളയിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്ത് പരാജയപ്പെട്ടപ്പോഴാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ക്കെതിരെ കെജിഎസ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നതെന്നും ഇന്ദുചൂഡന് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: